ഐപിഎല്‍ ലേലത്തില്‍ നൂറ് കോടി വരെ ലഭിക്കേണ്ട താരങ്ങള്‍?, നാല് പേരെ തിരഞ്ഞെടുത്ത് റോബിന്‍ ഉത്തപ്പ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശമ്പളപരിധി ഇല്ലെങ്കില്‍ 100 കോടിക്ക് പോകാമായിരുന്ന കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ ബാറ്റര്‍ റോബിന്‍ ഉത്തപ്പ. ഓരോ ഐപിഎല്‍ ഫ്രാഞ്ചൈസിയുടെയും നിലവിലെ ശമ്പള പരിധി 100 കോടി രൂപയാണ്.

കഴിഞ്ഞ ലേലത്തില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി രൂപ ചെലവഴിച്ച് ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയതാണ് ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിഫലത്തുക. അതിന് തൊട്ടുമുമ്പ് സണ്‍റൈസേഴ്സ് ഹൈദരാബാദ് 20.50 കോടി രൂപയ്ക്ക് പാറ്റ് കമ്മിന്‍സിനെ വാങ്ങിയിരുന്നു. ഐപിഎല്‍ ലേലത്തില്‍ 20 കോടി രൂപയിലെത്തുന്ന ആദ്യ കളിക്കാരനായും കമ്മിന്‍സ് മാറി.

ഇതുവരെ ഒരു കളിക്കാരനും ഐപിഎല്ലില്‍ 25 കോടി രൂപ പോലും തൊട്ടിട്ടില്ലെങ്കിലും, ശമ്പള പരിധി ഇല്ലെങ്കില്‍ നിരവധി കളിക്കാരെ 100 കോടി രൂപയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്ന് റോബിന്‍ ഉത്തപ്പ വിശ്വസിക്കുന്നു. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ശമ്പള പരിധിയില്ലാതെ 100 കോടി രൂപ നേടുമെന്ന് ഉത്തപ്പ പറഞ്ഞു.

നിലവില്‍ 15 കോടി രൂപയാണ് വിരാട് കോഹ്ലിയുടെ പ്രതിഫലം. 2022ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അതേ തുകയ്ക്ക് അദ്ദേഹത്തെ നിലനിര്‍ത്തി. മറുവശത്ത്, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെ യഥാക്രമം 16 കോടി, 12 കോടി, 8 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്.