ധോണിയുടെ വിരമിക്കലിനെ കുറിച്ച് ആദ്യം അറിഞ്ഞത് ആ ഇന്ത്യന്‍ യുവതാരം; വെളിപ്പെടുത്തല്‍

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി 2020 ഓഗസ്റ്റ് 15 ന് അന്താരാഷ്ട്ര കളിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് സമൂഹം ഒന്നടങ്കം ഞെട്ടി. പക്ഷേ ഇന്ത്യന്‍ മുന്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ പറയുന്നതനുസരിച്ച് ധോണിയുടെ വിരമിക്കല്‍ അതിനും മുമ്പേ ഒരു ഇന്ത്യന്‍ യുവതാരം അറിഞ്ഞു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനോട് ധോണി വിരമിക്കലിനെ കുറിച്ച് പറഞ്ഞിരുന്നെന്ന് ‘കോച്ചിംഗ് ബിയോണ്ട്-മൈ ഡെയ്‌സ് വിത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം’ എന്ന തന്‍രെ പുസ്തകത്തില്‍ ശ്രീധര്‍ വെളിപ്പെടുത്തി.

ന്യൂസിലന്‍ഡിനെതിരായ 2019 ലോകകപ്പ് സെമിഫൈനലിന്റെ റിസര്‍വ് ദിനത്തില്‍ ധോണിയും പന്തും രസകരമായ ഒരു സംഭാഷണം നടത്തി. ധോണിയുടെ വിരമിക്കലിനെ കുറിച്ച് ആ സംഭാഷണത്തില്‍ ചര്‍ച്ചയായെന്നണ് ശ്രീധര്‍ പറയുന്നത്.

ന്യൂസിലാന്‍ഡിനെതിരെ മാഞ്ചസ്റ്ററില്‍ നടന്ന ലോകകപ്പ് സെമിഫൈനലില്‍ റിസര്‍വ് ദിവസം രാവിലെ, ബ്രേക്ക്ഫാസ്റ്റ് ഹാളിലെ ആദ്യ വ്യക്തി ഞാനായിരുന്നു. എംഎസും ഋഷഭും കടന്നുവന്ന് അവരുടെ ഭക്ഷണ സാധനങ്ങള്‍ എടുത്ത് എന്റെ ടേബിളിലേക്ക് ചേര്‍ന്നപ്പോള്‍ ഞാന്‍ കാപ്പി കുടിക്കുകയായിരുന്നു.

അപ്പോള്‍ പന്ത് ധോണിയോട് ‘റിസര്‍വ് ദിനത്തിനായി ചില ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് തന്നെ ലണ്ടനിലേക്ക് സ്വയം പോകാനൊരുങ്ങുകയാണെന്നും നിങ്ങള്‍ക്ക് അങ്ങനെ പോകാന്‍ താല്‍പ്പര്യമുണ്ടോ?’ എന്നും ചോദിച്ചു. ‘ഇല്ല, ഋഷഭ്, ടീമുമൊത്തുള്ള എന്റെ അവസാന ബസ് ഡ്രൈവ് നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് ധോണി അതിന് മറുപടി നല്‍കിയതെന്ന് ശ്രീധര്‍ പറഞ്ഞു.

Read more

‘ആ മനുഷ്യനോടുള്ള ബഹുമാനം കാരണം ഈ സംഭാഷണത്തെക്കുറിച്ച് ഞാന്‍ ആരോടും ഒരു വാക്കുപോലും പറഞ്ഞില്ല. അദ്ദേഹം എന്നെ വിശ്വാസത്തിലെടുത്തു. എനിക്ക് എന്റെ വായില്‍ നിന്നും ആ സത്യത്തെ ഇറക്കിവിടാന്‍ മനസുവന്നില്ല. അതിനാല്‍, രവിയോടല്ല, അരുണിനോടോ, എന്റെ ഭാര്യയോടോ പോലും ഞാന്‍ ഒരക്ഷരം മിണ്ടിയില്ല’ ശ്രീധര്‍ പറഞ്ഞു.