'ഋഷഭ് തന്റെ മികവിലൂടെ എതിർ ടീമുകൾക്ക് പോയിന്റുകൾ വാരി കൊടുക്കുകയാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് മുംബൈ ഇന്ത്യൻസിനോട് 6 വിക്കറ്റുകൾക്ക് പരാജയപെട്ടു. ഇതോടെ ലക്‌നൗ ടൂർണമെന്റിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ മിച്ചൽ മാർഷിന്റെയും(44) നിക്കോളാസ് പൂരന്റെയും(63) മികവിൽ 228 റൺസ് നേടിയിരുന്നു.

മികച്ച ബാറ്റിംഗ് പ്രകടനവുമായി മുംബൈ താരങ്ങളായ രോഹിത് ശർമയും(84) റയാൻ റിക്കിൽട്ടണും(83) കളം നിറഞ്ഞതോടെ ലക്‌നൗവിന്റെ കൈയിൽ നിന്ന് മത്സരം കൈവിട്ട് പോകുകയായിരുന്നു. ഇപ്പോഴിതാ മോശം ഫോമിൽ തുടരുന്ന ഋഷഭ് പന്തിനെ വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കെ ശ്രീകാന്ത്.

ലഖ്‌നൗ ടീമും ക്യാപ്റ്റന് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസി അത്യന്തം മോശമാണ്. 88 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നു നിന്ന കൊൽക്കത്തയെ റിങ്കു സിംഗിലൂടെ ഫോമിലേക്ക് തിരികെ വരാൻ സഹായിച്ചത് പന്തിന്റെ പിഴവുകളാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ടീമുകൾക്കും ലക്‌നൗ പോയിന്റുകൾ ചുമ്മാതെ കൊടുക്കുകയാണ്. ലഖ്‌നൗ ടീമിന് ഇനി മുന്നോട്ട് പോകാൻ യാതൊരു പ്ലാനുമില്ലെന്നും ബാറ്റിംഗ് നിര പൂർണ്ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.