കാറ്റും കോളും നിറഞ്ഞ കടലിനെ അതിജീവിച്ചു വന്ന കപ്പല്‍ അരുവിയില്‍ മറിഞ്ഞു, റിങ്കു ഒരു പ്രതീക്ഷയാണ്

കെ നന്ദകുമാര്‍ പിള്ള

2009 / 10 ലെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ ടൂറിലെ ആദ്യ മത്സരം ബറോഡയില്‍.. ഓസ്ട്രേലിയയുടെ 292 ചെയ്സ് ചെയ്ത ഇന്ത്യ 40 ഓവര്‍ കഴിഞ്ഞപ്പോള്‍ 201 / 7 എന്ന സ്‌കോറില്‍ മത്സരം മിക്കവാറും അടിയറ വെച്ച് കഴിഞ്ഞിരുന്നു. ക്രീസില്‍ ഹര്‍ഭജന്‍ സിങും പ്രവീണ്‍ കുമാറും. ഒരു പ്രതീക്ഷയുമില്ലാതെ അടുത്ത പത്തോവര്‍ കണ്ടു തീര്‍ക്കുക എന്ന കര്‍മം മാത്രമേ കാണികള്‍ക്ക് ചെയ്യാനുള്ളൂ. അടുത്ത രണ്ടോവറില്‍ സ്‌കോര്‍ബോര്ഡിലേക്ക് വന്നത് വെറും 5 റണ്‍സ്.

പക്ഷെ.. അടുത്ത ഓവറില്‍ ഹര്‍ഭജന്‍ വാട്‌സനെതിരെ അടിച്ച സിക്‌സ് ആയിരുന്നു വഴിത്തിരിവ്. പിന്നീട് നടന്നത് അങ്ങേയറ്റം അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു. കുംബ്ലെ – ശ്രീനാഥ് കൂട്ടുകെട്ട് ബാംഗ്ലൂരില്‍ ഓസ്ട്രേലിയക്കെതിരെ കാഴ്ചവെച്ച പോരാട്ടത്തിന് സമാനമായിരുന്നു പ്രവീണ്‍ – ഹര്‍ഭജന്‍ ടീം അന്നവിടെ കെട്ടഴിച്ചത്. സിക്‌സറുകളും ഫോറുകളും ഇടതടവില്ലാതെ പ്രവഹിച്ചപ്പോള്‍ 49 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 284 / 7 റണ്‍സ് എന്ന നിലയിലെത്തി.

ഇനി വേണ്ടത് 6 പന്തില്‍ 9 റണ്‍സ് മാത്രം. അതുവരെ ബൗള്‍ ചെയ്ത എട്ട് ഓവറില്‍ 52 റണ്‍സ് വഴങ്ങിയിരുന്ന പീറ്റര്‍ സിഡില്‍ ആയിരുന്നു ബൗളര്‍. എന്നാല്‍, ഇന്ത്യന്‍ വിജയം പ്രതീക്ഷിച്ച ഏവരെയും ഞെട്ടിച്ചു കൊണ്ട് സൈഡില്‍ നാലു റണ്‍സ് മാത്രം വിട്ടു കൊടുത്തപ്പോള്‍ ഓസ്സീസിന് 4 റണ്‍സിന്റെ അപ്രതീക്ഷിത ജയം. ഈ മത്സരത്തെക്കുറിച്ച് പിറ്റേ ദിവസം പത്രത്തില്‍ വന്ന വാചകം ഇപ്രകാരമായിരുന്നു : കാറ്റും കോളും നിറഞ്ഞ കടലിനെ അതിജീവിച്ചു വന്ന കപ്പല്‍ അരുവിയില്‍ മറിഞ്ഞു.

ഇതേ വാചകമാണ് കഴിഞ്ഞ ദിവസം നടന്ന കല്‍ക്കത്ത – ലഖ്‌നൗ മത്സരത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത്. ആറു വിക്കറ്റ് നഷ്ടപ്പെട്ടിരിക്കെ അവസാന മൂന്ന് ഓവറില്‍ 55 റണ്‍സ് എന്നത് തികച്ചും അപ്രാപ്യം. എന്നാല്‍ റിങ്കു സിങ് – സുനില്‍ നരെയ്ന്‍ പോരാളികള്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. സമാനതകളില്ലാത്ത പോരാട്ടത്തിനാണ് പിന്നീട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അവസാന 25 പന്തില്‍ പിറന്നത് ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയും. ആ മൂന്നോവര്‍ ചെയ്ത ബൗളേഴ്സ് ആരും മോശക്കാരായിരുന്നില്ല: ന്യൂ സെന്‍സേഷന്‍ ആവേഷ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍, മര്‍ക്കസ് സ്റ്റോയ്നിസ്.

ആ അദ്ഭുത കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ അതിലും വലിയ അദ്ഭുതം സംഭവിക്കണമായിരുന്നു. അതാണ് ഇവിന്‍ ലൂയിസ് ഒറ്റക്കയിലൊതുക്കിയ ക്യാച്ച്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നായിരുന്നു അത്. അവസാന പന്തില്‍ സ്റ്റോയ്നിസിന്റെ പരിചയമികവ് ഒന്ന് കൊണ്ട് മാത്രമാണ് ലക്‌നൗന് നേരിയ മാര്‍ജിന്‍ ആണെങ്കിലും വിജയിക്കാനായത്.

തീര്‍ച്ചയായും റിങ്കു സിങ് ഒരു പ്രതീക്ഷയാണ്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അയാള്‍ സിക്സറുകള്‍ പായിച്ചു. ഈ ഐ പി എല്ലോടെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന കളിക്കാരുടെ കൂട്ടത്തിലേക്ക് തന്റെ പേരും ഈ ഇരുപത്തിനാലു കാരന്‍ കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. പൊതുവെ ഐ പി എല്ലിനോട് താല്‍പര്യക്കുറവ് ഉള്ള ആളാണ് ഞാന്‍. പക്ഷെ, റിങ്കുവിനെപ്പോലെയുള്ള കളിക്കാര്‍ക്ക് തങ്ങളുടെ മികവ് പ്രകടിപ്പിക്കാന്‍ വേദിയൊരുക്കുന്നു എന്ന കാരണം കൊണ്ട്, ഞാന്‍ ഐ പി എല്ലിനെ സപ്പോര്‍ട്ട് ചെയുന്നു. ക്രിക്കറ്റ് അനിശ്ചിതങ്ങളുടെ കളിയാണെന്ന് എപ്പോഴും പറയാറുണ്ട്. അതൊന്നു കൂടി അരക്കിട്ടുറപ്പിച്ചു ഈ മത്സരം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍