ഇതിഹാസം ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ക്രിക്കറ്റ് ലോകം

ഓസട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെയാണ് കമന്ററി പാനലിലുണ്ടായിരുന്ന മുന്‍ ഓസ്ട്രേലിയന്‍ നായകനെ പെര്‍ത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പോണ്ടിംഗ് ആരോഗ്യവാനാണെന്നും എന്നാല്‍ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ എന്നവണ്ണമാണ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ പ്രതികരിച്ചു.

‘റിക്കി പോണ്ടിംഗിന് സുഖമില്ല. ഇന്നത്തെ കവറേജിന്റെ ബാക്കി ഭാഗത്ത് അദ്ദേഹം കമന്ററി നല്‍കില്ല’ ചാനല്‍ 7 വക്താവിനെ ഉദ്ധരിച്ച് ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

2004 മുതല്‍ 2011 വരെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെയും, 2002 മുതല്‍ 2011 വരെ ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്റെയും നായകനായിരുന്നു പോണ്ടിംഗ്. 168 ടെസ്റ്റ് മത്സരങ്ങളും 375 ഏകദിന മത്സരങ്ങളും കളിച്ച ഇദ്ദേഹം തന്നെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഓസ്‌ട്രേലിയയുടെ എക്കാലത്തേയും ഉയര്‍ന്ന റണ്‍ വേട്ടക്കാരന്‍.