റയൽ മാഡ്രിഡ് താരം ബെല്ലിംഗ്ഹാം ചിലപ്പോൾ ഇംഗ്ലണ്ടിനായി ക്രിക്കറ്റ് വരെ കളിച്ചേക്കും, നെറ്റ്സിൽ സംഭവിച്ചത് ഇങ്ങനെ; വീഡിയോ കാണാം

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം വേനൽക്കാലത്ത് ടീമിൽ ചേർന്നതിന് ശേഷം ടീമിലാകെ മാറ്റങ്ങൾ കൊണ്ടുവന്നു. ഒരു മിഡ്ഫീൽഡർ ആയി വന്ന താരം റയലിൽ ഗോളടി യന്ത്രമായി മാറി. അടുത്ത വർഷം ബാലൺ ഡി ഓർ നേടാൻ മുന്നിൽ ഉള്ള താരങ്ങളിൽ പ്രധാനി ആയിട്ടും റയൽ താരം മാറി. ബെൻസിമ പോയ ശേഷം ആര് റയലിനായി ഗോളടിച്ചുകൂട്ടും എന്ന ആശങ്ക ഉള്ളപ്പോൾ ആയിരുന്നു താരത്തിന്റെ വരവ്. ഇന്ന് റയൽ മികച്ച ഫോമിലാണ്, അതിന് പ്രധാന കാരണം ബെല്ലിംഗ്ഹാം തന്നെയാണ്. ഇപ്പോഴിതാ താരം ക്രിക്കറ്റ് കളിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

2023-ലെ വേനൽക്കാലത്ത് ബുണ്ടസ്‌ലിഗ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ബെല്ലിംഗ്ഹാം ലാ ലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിൽ ചേർന്നു. കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, റയൽ മാഡ്രിഡ് തനിക്ക് വേണ്ടി ചിലവഴിച്ച ഓരോ പൈസയും മുതൽ ആണെന്ന് ഉറപ്പിക്കുന്ന പ്രകടനം താരം നടത്തി . യുവേഫ ചാമ്പ്യൻസ് ലീഗിൽ 16-ാം റൗണ്ടിലെത്താനും ലാ ലിഗ കിരീട മത്സരത്തിൽ മുന്നിൽ തുടരാനും സഹായിച്ച് താരം 20 കളികളിൽ നിന്ന് 17 ഗോളുകൾ ഇംഗ്ലണ്ട് മിഡ്ഫീൽഡർ നേടിയിട്ടുണ്ട്.

എന്നിരുന്നാലും, ബെല്ലിംഗ്ഹാം മികവ് പുലർത്തുന്ന ഒരേയൊരു കായിക വിനോദമല്ല ഫുട്ബോൾ. സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ, ബെല്ലിംഗ്ഹാം ഒരു ബൗളിംഗ് മെഷീന് മുന്നിൽ ബാറ്റ് ചെയ്യാൻ ശ്രമിക്കുന്നത് കണ്ടു. രണ്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബെല്ലിംഗ്ഹാം പിച്ച് അപ്പ് ചെയ്ത പന്ത് ശക്തമായി അടിക്കുന്നത് കാണാമായിരുന്നു. നെറ്റ്‌സിനുള്ളിലാണ് ഷോട്ട് കളിച്ചതെങ്കിലും, ഒരു യഥാർത്ഥ ക്രിക്കറ്റ് മത്സരത്തിൽ കളിക്കാനുള്ള കഴിവ് താരത്തിനുണ്ട് എന്നാണ് പറയുന്നത്.

2024 ജനുവരിയിൽ ഇന്ത്യയ്‌ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര കളിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം വരുന്നതിനാൽ, ബെല്ലിംഗ്ഹാമിനെ ഒരു കന്നി കോൾ അപ്പ് ചെയ്യാൻ ബെൻ സ്റ്റോക്ക്‌സ് ശ്രമിക്കുമെന്ന് ആരാധകർ പറയുന്നു!