ആര്‍സിബി ടീമിലേക്ക് വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തത് താനാണെന്ന് വെളിപ്പെടുത്തി മുന്‍ ഉടമ വിജയ് മല്ല്യ. ഐപിഎല്‍ 2025 കിരീടം ആര്‍സിബി നേടിയതിന് പിന്നാലെയാണ് വിരാടിനെ കുറിച്ച് മല്ല്യ മനസുതുറന്നത്. ഐപിഎല്‍ 2008 സീസണിലായിരുന്നു കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലെത്തിയത്. അന്ന് അണ്ടര്‍ 19 ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് കോഹ്‌ലിയെ ടീമിലെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഭാവി ക്യാപ്റ്റനാക്കാനുളള കഴിവ് അദ്ദേഹത്തിലുണ്ടെന്ന് മനസിലായെന്നും മല്ല്യ പറഞ്ഞു.
‘ഞാനായിരുന്നു വിരാട് കോഹ്‌ലിയെ ആര്‍സിബി ടീമിലെടുത്തത്. ഐപിഎല്‍ ലേലത്തില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ഞാന്‍ ഇരിക്കുകയായിരുന്നു. എന്റെ ഊഴമെത്തിയ സമയം ഞാന്‍ ഉടന്‍ തന്നെ വിരാടിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെ പ്രകടനമാണ് അവനെ തിരഞ്ഞെടുക്കാനുണ്ടായ പ്രധാന കാരണം. ആര്‍സിബിയുടെ ഭാവി ക്യാപ്റ്റനാക്കാന്‍ പറ്റിയ ആളായും അന്ന് തോന്നിയെന്നും’, വിജയ് മല്ല്യ പറഞ്ഞു.
Read more
ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിയുടെ ബാലന്‍സ്ഡ് ലൈനപ്പ് ഇത്തവണ നല്ലതായിരുന്നുവെന്നും മല്ല്യ പറഞ്ഞു. ‘ആര്‍സിബിക്ക് ഇത്തവണ അതിശയകരമായ ഒരു എവേ റെക്കോര്‍ഡുണ്ടായിരുന്നു. ഈ സീസണില്‍ ടീമിന്റെ സന്തുലിതാവസ്ഥ മികച്ചതാണെന്ന് എനിക്കറിയാമായിരുന്നു. എല്ലാ കളിക്കാരും ടീമിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഒരു യൂണിറ്റ് എന്ന നിലയില്‍ അവര്‍ വളരെ മികച്ച പെര്‍ഫോമന്‍സ് നടത്തി. അതിനാല്‍ ആര്‍സിബി ഇത്തവണ ഫൈനലില്‍ എത്തി കിരീടം നേടിയതില്‍ അതിശയിക്കാനില്ല, വിജയ് മല്ല്യ പറഞ്ഞു.