ടെസ്റ്റാണെന്ന് മറന്ന് രോഹനും രാഹുലും; കേരളത്തിന് ആധികാരിക വിജയം

രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് ഏഴ് വിക്കറ്റ് ജയം. 126 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ കേരളം വെറും 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. പൊന്നന്‍ രാഹുലാണ് (66*) കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍.

58 പന്തുകളില്‍ 5 ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതമാണ് രാഹുല്‍ 66 റണ്‍സെടുത്തത്. രോഹന്‍ കുന്നുമ്മല്‍ 27 ബോളില്‍ 40 റണ്‍സെടുത്തു.  ഇരുവരും ടി20 ശൈലിയില്‍ ബാറ്റു വീശി ഓപ്പണിംഗ് വിക്കറ്റില്‍ 85 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. സച്ചിന്‍ ബേബി (1), അക്ഷയ് ചന്ദ്രന്‍ (10) എന്നിവര്‍ നിരാശപ്പെടുത്തി. ഛത്തീസ്ഗഡിനായി സുമിത് റുയ്കര്‍ 2 വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഛത്തീസ്ഗഡ് ആദ്യ ഇന്നിങ്‌സില്‍ 149 റണ്‍സിനു പുറത്തായിരുന്നു. മറുപടിയില്‍ കേരളം 311 റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഛത്തീസ്ഗഡ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്യയുടെ ഒറ്റയാള്‍ പോരാട്ടമാണ് അവരെ ഇന്നിംഗ്‌സ് തോല്‍വിയില്‍നിന്നു രക്ഷിച്ചത്. 228 പന്തുകള്‍ നേരിട്ട താരം 152 റണ്‍സെടുത്തു.

ജലജ് സക്‌സേന മിന്നും ബോളിംഗ് പ്രകടനമാണ് കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കേരള ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേന രണ്ടാം ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുകള്‍ കൂടി നേടി.