'ഇരട്ട' സെഞ്ച്വറി കരുത്തില്‍ കേരളം, രണ്ടാം ഇന്നിംഗ്‌സില്‍ ഗുജറാത്ത് പതറുന്നു

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ രണ്ടാമിന്നിംഗ്സ് ബാറ്റിംഗ തുടങ്ങിയ ഗുജറാത്തിന്  അഞ്ച് വിക്കറ്റ് നഷ്ടമായി. എസ്ഡി ചൗഹാന്‍ (19), കതന്‍ ഡി പട്ടേല്‍ (20), ബിഎച്ച് മെരായ് (11), എംസി ജുനേജ (6) ഹെറ്റ് പട്ടേല്‍ (6) എന്നിലരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 112 റണ്‍സെന്ന നിലയിലാണ് അവര്‍.

കേരളത്തിനായി ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തപ്പോള്‍ നിധീഷ് എംഡിയും ജലജ് സക്സേനയും സിജോമോനും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ കേരളം 51 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയിരുന്നു. ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മലിന് പിന്നാലെ വിഷ്ണു വിനോദും സെഞ്ച്വറി നേടിയതാണ് കേരളത്തിന് കരുത്തായത്.

ഇരുവരുടെയും സെഞ്ച്വറി കരുത്തില്‍ കേരളം 439 റണ്‍സാണ് അടിച്ചെടുത്തത്. വാലറ്റക്കാരെ കൂട്ടിപിടിച്ച് വിഷ്ണു 143 പന്തില്‍ 15 ഫോറും ഒരു സിക്സും സഹിതം 113 റണ്‍സാണെടുത്തത്. ഏദന്‍ ആപ്പിള്‍ ടോം 34 പന്തില്‍ നിന്ന് മൂന്നു ഫോറുകള്‍ ഉള്‍പ്പെടെ 16 റണ്‍സെടുത്തു. ഗുജറാത്തിനായി എസ്എ ദേശായി അഞ്ചു വിക്കറ്റെടുത്തു. നഗ്വാസ്വല്ല മൂന്നും കലേരിയ രണ്ടും വിക്കറ്റ് വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മലിന്റെ (129) മികവിലാണ് കേരളം മികച്ച സ്‌കോറിന് അടിത്തറയിട്ടത്. 16 ഫോറും 4 സിക്‌സറും അടങ്ങുന്നതായിരുന്നു രോഹന്റെ പ്രകടനം.

നായകന്‍ സച്ചിന്‍ ബേബി അര്‍ദ്ധ സെഞ്ച്വറി (53) നേടി. ഗോവിന്ദ് 25, സല്‍മാന്‍ നിസാര്‍ 6, സിജോമോന്‍ 4, ബേസില്‍ തമ്പി 15 എന്നിങ്ങനെയാണ് മൂന്നാം ദിനം മറ്റുള്ളവരുടെ പ്രകടനം.