ഇതില്‍ കൂടുതല്‍ എന്താണ് നമുക്ക് ഇവരോട് ആവശ്യപ്പെടാനാകുക

കെ നന്ദകുമാര്‍ പിള്ള

ഭാരതമെന്നു കേട്ടാലോ അഭിമാനപൂരിതമാകണം അന്തരംഗം.. തത്കാലം ഞാനത് കേരളത്തിലേക്ക് കടമെടുക്കുന്നു. കേരളമെന്നു കേട്ടാലോ അഭിമാനപൂരിതമാകുന്നു എന്റെ അന്തരംഗം.. ആ ലെവലില്‍ ആയിരുന്നു ഇപ്രാവശ്യത്തെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പെര്‍ഫോമന്‍സ്. ചെയ്യാവുന്നതിന്റെ പരമാവധി നമ്മുടെ കുട്ടികള്‍ ചെയ്തു. നിര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് കേരളത്തിന് അടുത്ത സ്റ്റേജിലേക്ക് കടക്കാന്‍ കഴിയാതിരുന്നത്.

കോവിഡ് കണക്കിലെടുത്ത് കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം ഒരു ഗ്രൂപ്പില്‍ നാലു ടീമുകള്‍ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണില്‍ ഒരു ടീമിന് ലീഗില്‍ തന്നെ എട്ടു മത്സരങ്ങള്‍ ലഭിച്ചപ്പോള്‍ ഇപ്രാവശ്യം ലീഗില്‍ മൂന്ന് മത്സരങ്ങളാണ് ലഭിച്ചത്. മാത്രമല്ല, അതില്‍ ഒരു ടീമിന് മാത്രമേ അടുത്ത സ്റ്റേജിലേക്ക് മുന്നേറാന്‍ കഴിഞ്ഞുള്ളു. റണ്‍ കോഷ്യന്റില്‍ മധ്യപ്രദേശിന് പിന്നില്‍ ആയതു കൊണ്ടാണ് അവസാന മത്സരം സമനില പിടിച്ചിട്ടും കേരളം പുറത്തായത്.

മൂന്നു മത്സരങ്ങളിലെ കേരളത്തിന്റെ പ്രകടനത്തെ ഇങ്ങനെ സംഗ്രഹിക്കാം. എട്ടു സെഞ്ചുറികള്‍, നാലു അര്ധസെഞ്ചുറികള്‍, രണ്ട് 5+ വിക്കറ്റ് പ്രകടനങ്ങള്‍, നാലു 4 – വിക്കറ്റ് പ്രകടനങ്ങള്‍. ഗുജറാത്ത്, മധ്യപ്രദേശ് എന്നീ കരുത്തര്‍ അടങ്ങിയ ഗ്രൂപ്പിലാണ് കേരളം ഈ പ്രകടനം കാഴ്ചവെച്ചത് എന്നോര്‍ക്കണം. ഇതില്‍ കൂടുതല്‍ എന്താണ് നമുക്ക് നമ്മുടെ കുട്ടികളോട് ആവശ്യപ്പെടാനാകുക.

ഈ ടൂര്‍ണമെന്റിലെ കേരളത്തിന്റെ ഹീറോ തീര്‍ച്ചയായും രോഹന്‍ കുന്നുമ്മല്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ ആണ്. എത്ര അനായാസമായാണ് രോഹന്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്നത്. മികച്ച ഫുട് വര്‍ക് പുലര്‍ത്തുന്ന രോഹന്‍, ഭയമേതുമില്ലാതെയാണ് ബൗളേഴ്സിനെ നേരിടുന്നത്. ലെഗ്ഗിലും ഓഫിലും ഒരുപോലെ സ്‌ട്രോങ്ങ് ആണ് ഈ ചെറുപ്പക്കാരന്‍. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയിലേക്ക് എത്താന്‍ ഡീപ് സ്‌ക്വയര്‍ ലീഗില്‍ നേടിയ സിക്‌സ് മതി എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് രോഹന്‍ കളിക്കുന്നതെന്ന് മനസിലാകാന്‍.

രോഹന്‍ ഇതുവരെ കളിച്ച രഞ്ജി ട്രോഫി മത്സരങ്ങളുടെ എണ്ണം നാല്. അതില്‍ നേടിയ സെഞ്ചുറികളുടെ എണ്ണം മൂന്ന്. കൂടാതെ ഒരു അര്ധസെഞ്ചുറിയും. അടിച്ചു കൂട്ടിയത് 53 ഫോറുകളും, 8 സിക്‌സറുകളും. അതില്‍ തന്നെ ഗുജറാത്തിനെതിരായ മത്സരത്തില്‍ നാലാം ഇന്നിങ്‌സില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സില്‍ പുറത്താകാതെ 106 റണ്‍സ് നേടിയത് 87 പന്തില്‍. ഒരുപക്ഷെ ഡേവ് വാറ്റ്മോര്‍ എന്ന പരിശീലകന്‍ വരുന്നതിന് മുന്‍പുള്ള കേരളമായിരുന്നെങ്കില്‍ തുടക്കം മുതല്‍ സമനിലേക്ക് ശ്രമിക്കുമായിരുന്ന മത്സരമാണ് 6 ന് അടുത്തുള്ള റണ്‍ റേറ്റില്‍ കേരളം അടിച്ചു വിജയിച്ചത്. 465 പന്തില്‍ 89 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 417 റണ്‍സാണ് രോഹന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

രോഹന്‍ തന്റെ ആത്മവിശ്വാസം പങ്കാളിയിലേക്കും പകര്‍ന്നപ്പോള്‍ രണ്ടു സെഞ്ചുറികളുമായി സഹ ഓപണര്‍ പൊന്നം രാഹുലും തിളങ്ങി. ആദ്യ മത്സരത്തില്‍ 147 റണ്‍സ് നേടിയ രാഹുല്‍, മൂന്നാം മത്സരത്തില്‍ 136 റണ്‍സും നേടി. ടൂര്‍ണമെന്റില്‍ ആകെ നേടിയത് 334 റണ്‍സ്.

മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനവുമായി നായകന്‍ സച്ചിന്‍ ബേബിയും തിളങ്ങി. മൂന്നു അര്ധസെഞ്ചുറികളും, അവസാന മത്സരത്തില്‍ നേടിയ സെഞ്ചുറിയുമായി മൊത്തം 285 റണ്‍സാണ് സച്ചിന്റെ നേട്ടം. ആദ്യ മത്സരത്തില്‍ 96 റണ്‍സിന്റെയും, രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 119, രണ്ടാം ഇന്നിങ്‌സില്‍ 143 റണ്‍സിന്റെയും അവസാന മത്സരത്തില്‍ 187 റണ്‍സിന്റെയും കൂട്ടുകെട്ടുകളാണ് സച്ചിന്‍ തീര്‍ത്തത്.

മറ്റു രണ്ടു സെഞ്ചുറികള്‍ വത്സല്‍ ഗോവിന്ദും വിഷ്ണു വിനോദും നേടി. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ മേഘാലയക്കെതിരെ വിക്കറ്റ് നേടിക്കൊണ്ട് ഈഡന്‍ ആപ്പിള്‍ ടോം എന്ന പതിനാറുകാരന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. മത്സരത്തില്‍ ആകെ ആറു വിക്കറ്റുകളുമായി മാന് ഓഫ് ദി മാച്ച് ആയതും ഈഡന്‍ തന്നെ. 13 വിക്കറ്റുകളുമായി ജലജ് സക്‌സേനയാണ് കേരളത്തിന് വേണ്ടി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത്. നിധീഷ് ഒരു അഞ്ചു വിക്കറ്റ് പ്രകടനവും ബേസില്‍ തമ്പി രണ്ടു നാലു വിക്കറ്റ് പ്രകടനങ്ങളും നടത്തി.

എവിടെയോ ഒരു നിര്‍ഭാഗ്യം കേരളത്തിനുണ്ട്. അതുകൊണ്ടാണ് ഇത്ര നന്നായി കളിച്ചിട്ടും അടുത്ത സ്റ്റേജിലേക്ക് കടക്കാന്‍ ആവാഞ്ഞത്. 2019 – 20 സയ്ദ് മുഷ്താഖ് അലി ടി20 യിലും മുംബൈയെയും ഡെല്‍ഹിയെയും വീഴ്ത്തിയിട്ടും കേരളത്തിന് സൂപ്പര്‍ ലീഗില്‍ കടക്കാന്‍ ആയില്ല. ഈ സീസണിലെ ടി20 യിലും, വിജയ് ഹസാരെയിലും വളരെ മികച്ച പ്രകടനമാണ് കേരളം കാഴ്ച വെച്ചത്. എന്നിട്ടും ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ ആകുന്നില്ല. നോക്ക്ഔട്ട് മത്സരങ്ങളില്‍ വീഴുന്ന പതിവ് തിരുത്തുക എന്നതായിരിക്കണം കേരളത്തിന്റെ അടുത്ത ലക്ഷ്യം. വാട്ട്‌മോര്‍ തുടങ്ങി വെച്ചത് ഭംഗിയായി തുടര്‍ന്ന് കൊണ്ട് പോകുന്ന കോച്ച് ടിനു യോഹന്നാനും കയ്യടി അര്‍ഹിക്കുന്നു.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7