ഇന്ത്യന്‍ ടീമിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിട്ടില്ല, ഇതാ ഗൗരവമായി കാണേണ്ട ഒരു കാര്യം

2021ലെ ടി20 ലോക കപ്പിന് ശേഷം വലിയ വെല്ലുവിളികള്‍ ഇന്ത്യക്ക് മുന്നില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഓരോന്നിനും പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ്. വിന്‍ഡീസിനെതിരായ പരമ്പര ജയത്തോടെ ഇന്ത്യ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കാണാം. എന്നാല്‍ ഇനിയും ഇന്ത്യന്‍ ടീം പൂര്‍ണ്ണ ശക്തിയിലേക്ക് വന്നിട്ടിസല്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വിരാട് കോഹ് ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ. ഓപ്പണിംഗിലാണ് രാജ്കുമാര്‍ പോരായ്മ കാണുന്നത്.

‘ഓപ്പണിംഗ് ഇന്ത്യയുടെ ആശങ്കയാണ്. രോഹിത് ശര്‍മ്മയോടൊപ്പം ഓപ്പണ്‍ ചെയ്യുന്ന ആരായാലും, അത് കെഎല്‍ രാഹുലായാലും ഇഷാന്‍ കിഷനായാലും ശിഖര്‍ ധവാനായാലും, ആറ് ഓവറില്‍ കുറഞ്ഞത് 50 റണ്‍സെങ്കിലും ടീം സ്‌കോര്‍ ചെയ്യുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പവര്‍പ്ലേകളില്‍ റണ്‍സ് സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ലോക കപ്പ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകില്ല. ഇന്ത്യ ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്.’

‘ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഒരു പരിധി വരെ സൂര്യകുമാറും വെങ്കിടേഷ് അയ്യരും നികത്തുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ ഫിനിഷിംഗ് വിഭാഗം കൂടുതല്‍ ശക്തമായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

‘ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് പേസര്‍മാരില്‍ ഒരാളായി ഹര്‍ഷല്‍ പട്ടേല്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ബോ ളിംഗിനു പുറമെ, അദ്ദേഹം ഒരു ബാറ്ററും മികച്ച ഫീല്‍ഡറുമാണ്. അവനെ യഥാര്‍ത്ഥത്തില്‍ ഒരു ഓള്‍റൗണ്ടറായി കണക്കാക്കാം. ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തേക്കാള്‍ നന്നായി ഇന്ത്യന്‍ ടീമില്‍ മറ്റാരും പന്തെറിയുമെന്ന് ഞാന്‍ കരുതുന്നില്ല’ രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞു.