സെഞ്ച്വറികളുടേയും അക്കപ്പെരുക്കങ്ങളുടേയും കഥകള്‍ക്കുമപ്പുറം ദ്രാവിഡിനെ അടയാളപ്പെടുത്തിയത് അയാളുടെ സവിശേഷമായ കളിമികവ് കൊണ്ടാണ്

കളിക്കളത്തിലെ ജെന്റില്‍മാനെന്നും ലോക ക്രിക്കറ്റിലെ വന്‍മതിലെന്നും ക്രിക്കറ്റ് പ്രേമികള്‍ വാഴ്ത്തിപാടിയ ഇതിഹാസ താരം. രാഹുല്‍ ദ്രാവിഡ് എന്ന ബാംഗ്ലൂരുകാരനെ ലോകക്രിക്കറ്റില്‍ അടയാളപ്പെടുത്തുന്നത് ഇത്തരം വിശേഷണങ്ങള്‍ കൊണ്ട് മാത്രമല്ല, കളിക്കളത്തില്‍ തീര്‍ത്ത വിസ്മയങ്ങള്‍ കൊണ്ട് കൂടെയാണ്.

ഇഴയുന്ന ബാറ്റിംഗ് ശൈലിയുടെ പേരില്‍ ഒരിക്കല്‍ ടീമില്‍ നിന്ന് പുറത്തായ ചരിത്രമുണ്ട് ദ്രാവിഡിന് . എന്നാല്‍  അതേ ബാറ്റിംഗ് ശൈലി ഒന്നുകൊണ്ടുമാത്രം ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി ദ്രാവിഡ് മാറി. ആ വലംകൈയ്യന്‍ ബാറ്റ്‌സമാന്‍ ഷോട്ടുകളുടെ മാലപ്പടക്കം തീര്‍ക്കുമെന്നോ ബോളര്‍മാരെ ഒറ്റയ്ക്ക് തകര്‍ത്ത് തരിപ്പണമാക്കുമെന്നോ ഉള്ള വീരവാദങ്ങളൊന്നും ആരാധകര്‍ക്കില്ലായിരുന്നു. പക്ഷെ അയാള്‍ ക്രീസിലുള്ളപ്പോള്‍ ഒന്നുറപ്പായിരുന്നു. വേണമെങ്കില്‍ അയാള്‍ 5 ദിവസവും വിക്കറ്റ് വലിച്ചെറിയാതെ ബാററ് ചെയ്ത് ഇന്ത്യയെ കരകയറ്റുമെന്ന്. സെഞ്ച്വറികള്‍ വാരിക്കൂട്ടിയതിന്റെ വീരകഥകള്‍ക്കും റണ്‍മഴ പെയ്യിച്ച അക്കപ്പെരുക്കങ്ങളുടേയും കഥകള്‍ക്കുമപ്പുറം ദ്രാവിഡിനെ ക്രിക്കറ്റ്‌ലോകം അടയാളപ്പെടുത്തിയത്് അയാളുടെ സവിശേഷമായ കളിരീതികൊണ്ടായിരുന്നു.

344 കളികളില്‍ നിന്നായി 10,889 റണ്‍സ്, 164 ടെസ്റ്റുകളില്‍ നിന്നായി 13288 റണ്‍സ് .2012ല്‍ പ്രോജ്ജ്വലമായ കരിയറിന് തിരശീല വീഴുമ്പോള്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറും, അര്‍ജുന അവാര്‍ഡും , ടെസ്റ്റ് പ്ലയര്‍ ഓഫ് ദി ഇയറും പദ്മശ്രീയും തുടങ്ങി അതി വിശിഷ്ടമായമായ പുരസ്‌കാരങ്ങള്‍ ദ്രാവിഡ് എന്ന പേരിനൊപ്പം ചേര്‍ക്കപ്പെട്ടു.

കളിയോട് വിട പറഞ്ഞ ദ്രാവിഡ് പരിശീലകന്റെ കുപ്പായമണിയുകയായിരുന്നു. കൗമാരപ്പടയുടെ പരിശീലകനായി ദ്രാവിഡ് സ്ഥാനമേല്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. കളത്തിലേതുപോലെയുള്ള മനോഭാവം പരിശീലക വേഷത്തിലും ദ്രാവിഡ് പിന്തുടര്‍ന്നു. പരിശീലക വേഷമണിഞ്ഞപ്പോള്‍ മുതല്‍ കൃത്യമായ കരുനീക്കങ്ങളുണ്ടായിരുന്നു ദ്രാവിഡിന്റെ മനസ്സില്‍. ഒടുവിലിതാ അതിന്റെ സാക്ഷാത്ക്കാരം. അണ്ടര്‍ 19 താരങ്ങള്‍ ലോകകപ്പ് കിരീടമുയര്‍ത്തിയപ്പോള്‍ ദ്രാവിഡിനോളം സന്തോഷിച്ച മറ്റൊരാളുണ്ടാകില്ല.ഇന്ത്യന്‍ ടീമില്‍ കളിച്ച സമയത്ത് അര്‍ഹിച്ച ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ ദ്രാവിഡിനായിരുന്നില്ല. കളിക്കാരനെന്ന നിലയില്‍ സ്വന്തമാക്കാനാകാത്തത് അയാള്‍ പരിശീലകനായി നേടിയെടുത്തു. കാലം കാത്തുവെച്ച കാവ്യനീതി.