കോച്ചായി തുടങ്ങിയപ്പോള്‍ എന്റെ പ്ലാന്‍ ഇതായിരുന്നില്ല: തുറന്നുപറഞ്ഞ് ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടൊപ്പമുള്ള ഇതുവരെയുള്ള തന്റെ യാത്രയെക്കുറിച്ച് മനസ്സ് തുറന്ന് കോച്ച് രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ടീമിനൊപ്പമുള്ള യാത്ര ഇതുവരെ വളരെ ആവേശകരമായിരുന്നെന്നും എന്നാല്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ ആറു വ്യത്യസ്ത ക്യാപ്റ്റന്മാര്‍ക്കൊപ്പം പ്രവര്‍ത്തിപ്പിച്ചത് വെല്ലുവിളിയായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.

‘ഇന്ത്യന്‍ കോച്ചായുള്ള എന്റെ യാത്ര ആവേശകരമായിരുന്നു. ഞാന്‍ നന്നായി ആസ്വദിച്ച യാത്ര തന്നെയായിരുന്നു ഇതെന്നു പറയാം. അതോടൊപ്പം തന്നെ വെല്ലുവിളികളും നിറഞ്ഞതായിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ ആറു ക്യാപ്റ്റന്‍മാര്‍ക്കൊപ്പാണ് എനിക്കു ദേശീയ ടീമില്‍ പ്രവര്‍ത്തിക്കേണ്ടി വന്നത്. കോച്ചായി തുടങ്ങിയപ്പോള്‍ എന്റെ പ്ലാന്‍ ഇതായിരുന്നില്ല.’

‘കോവിഡിന്റെ സ്വഭാവം, ഞങ്ങള്‍ കളിക്കുന്ന ഗെയിമുകളുടെ സ്വഭാവം, സ്‌ക്വാഡിനെ കൈകാര്യം ചെയ്യല്‍, ജോലിഭാരം കൈകാര്യം ചെയ്യല്‍, കുറച്ച് വിരമിക്കലുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുത്താം. ക്യാപ്റ്റന്‍സിയിലും ചില മാറ്റങ്ങളുണ്ടായി.’

‘കഴിഞ്ഞ എട്ടു മാസത്തിനിടെ കുറച്ചു പേര്‍ക്കൊപ്പം എനിക്കു പ്രവര്‍ത്തിക്കേണ്ടി വന്നുവെന്നതാണ് ഇതിനര്‍ഥം . അതു വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അതുപോലെ തന്നെ രസകരമായിരുന്നു.’

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ വ്യത്യസ്തമായ പല ക്യാപ്റ്റന്മാരെയും പരീക്ഷിച്ചത് ദീര്‍ഘകാലത്തേക്കുള്ള യാത്രയില്‍ ഇന്ത്യന്‍ ടീമിനു ഗുണം ചെയ്യും. ഒരുപാട് കളിക്കാര്‍ക്കു ടീമിന്റെ ക്യാപ്റ്റനാവാന്‍ സാധിച്ചുവെന്നത് നല്ല കാര്യമാണ്. ഇതിലൂടെ ഗ്രൂപ്പില്‍ കൂടുതല്‍ ലീഡേഴ്സിനെ സൃഷ്ടിച്ചെടുക്കാനായി’ ദ്രാവിഡ് പറഞ്ഞു.