'തോൽവിയുടെ കാരണം രാഹുലും നിസങ്കയും, നിർണായകമായ അവസരങ്ങൾ അവർ പാഴാക്കി; തുറന്നടിച്ച് അക്‌സർ പട്ടേൽ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് ജയം. 47 റൺസിനാണ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്. സൺ റൈസേഴ്സിനായി വെടിക്കെട്ട് സെഞ്ചുറിയോടെ അഭിഷേക് ശർമ്മ തിളങ്ങി. ഹൈദരാബാദ് ഉയർത്തിയ 242 റൺസ് ടോട്ടൽ ലക്ഷ്യമിട്ട ഡൽഹിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമേ നേടാനായുള്ളൂ.

അഭിഷേക് ശർമയുടെ അപരാജിത സെഞ്ച്വറിയും ഹെൻഡ്രിച്ച് ക്ലാസന്റെ കാമിയോയുമാണ് എസ് ആർ എച്ചിന് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. 68 പന്തിൽ പത്ത് വീതം സിക്‌സറും ഫോറുകളും അടക്കം 135 റൺസാണ് അഭിഷേക് നേടിയത്.13 പന്തിൽ മൂന്ന് സിക്‌സറും ഫോറുകളും അടക്കം പുറത്താകാതെ ക്ലാസൻ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 37 റൺസും ക്യാപ്റ്റൻ ഇഷാൻ കിഷൻ 25 റൺസും നേടി.

സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഫീല്‍ഡിംഗ് പിഴവുകളില്‍ കെ എല്‍ രാഹുലിനെയും പാതും നിസങ്കയെയും പരോക്ഷമായി കുറ്റപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്‌സർ പട്ടേൽ രംഗത്ത്.

മത്സരത്തിൽ അഭിഷേക് ശർമയെ പുറത്താക്കാൻ ലഭിച്ച രണ്ട് സുവർണ്ണാവസരങ്ങൾ പാഴാക്കിയത് ടീമിന് വലിയ തിരിച്ചടിയായെന്ന് മത്സരശേഷം അക്‌സർ പറഞ്ഞു. ഹൈദരാബാദ് ഇന്നിങ്‌സിനിടെ ഓപ്പണർ അഭിഷേക് ശർമയെ റൺ ഔട്ടാക്കാൻ ലഭിച്ച അവസരം കെ.എൽ രാഹുൽ നഷ്ടപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ പതും നിസ്സങ്ക ഒരു അനായാസ ക്യാച്ചും കൈവിട്ടു. ഈ രണ്ട് പിഴവുകളും മത്സരത്തിന്‍റെ ഗതി മാറ്റിയെന്ന് അക്‌സർ വ്യക്തമാക്കി.

റൺ ഔട്ട് അവസരവും ക്യാച്ചും നഷ്ടപ്പെടുത്തിയത് ഞങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നു. ആ അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ അഭിഷേക് ഇത്രയും വലിയ സ്കോറിലേക്ക് എത്തില്ലായിരുന്നു. നല്ല ഫീൽഡിംഗ് നമ്മുടെ കൈയിലുള്ള കാര്യമാണ്, അത് ചെയ്യുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു അക്‌സർ പറഞ്ഞു.