രഹാനെയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചത് ഐ.പി.എല്ലിലെ പ്രകടനം കണ്ടിട്ടല്ല, കാരണം മറ്റൊന്ന്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കുകയുണ്ടായി. സീനിയര്‍ താരം അജിങ്ക്യ രഹാനെയുടെ മടങ്ങിവരാണ് സ്‌ക്വാഡിനെ ശ്രദ്ധേയമാക്കിയത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന രഹാനെയുടെ മടങ്ങി വരവില്‍ ആരാധകരും സന്തോഷത്തിലാണ്. എന്നാല്‍ രഹാനെയെ ബിസിസിഐ ടീമില്‍ തിരിച്ചെത്തിച്ചത് ഐപിഎല്ലിലെ പ്രകടനം കണ്ടിട്ടല്ല.

ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യമാണ് രഹാനെയ്ക്ക് വീണ്ടും ടീമിലേക്കു വഴി തുറന്നിരിക്കുന്നത്. 2022 ജനുവരിയിലാണ് രഹാനെയെ അവസാനമായി ഇന്ത്യന്‍ റെഡ് ബോള്‍ ടീമില്‍ കണ്ടത്. ബാറ്റിംഗിലെ മോശം പ്രകടനം അദ്ദേഹത്തിനു ടീമിലെ സ്ഥാനം നഷ്ടമായി. തുടര്‍ന്ന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ടീമിലേക്കു വരികയായിരുന്നു.

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ കിവീസിനോടേറ്റ തോല്‍വിയില്‍ നിന്നുള്ള സങ്കടം മാറ്റാന്‍ കാത്തിരിക്കുന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയയാണ് എതിരാളികള്‍. രഹാനെയുടെ മടങ്ങിവരവ് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമില്‍ മറ്റു കാര്യമായ സര്‍പ്രൈസുകളൊന്നും തന്നെയില്ല.
പ്രതീക്ഷിച്ച പോലെ തന്നെ പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനമില്ല. കെ.എസ് ഭരത്ത് തന്നെ വിക്കറ്റ് കീപ്പറാകുന്ന ടീമില്‍ ബാക്കി പേരുകള്‍ എല്ലാം പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു. ജൂണ്‍ ഏഴു മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കലാശപ്പോരാട്ടം.

ഫൈനലിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനാട്കട്ട്.