'വരാന്‍ ഇഷ്ടപ്പെടാത്തവരെ അവരുടെ വഴിക്ക് വിട്ടേക്കൂ', രൂക്ഷമായി പ്രതികരിച്ച് പാക് ഇതിഹാസം

പാക്കിസ്ഥാനിലേക്ക് വരാന്‍ താല്‍പര്യമില്ലാത്ത ക്രിക്കറ്റ് ടീമുകളെ അവരുടെ ഇഷ്ടത്തിന് വിടണമെന്ന് പേസ് ബോളിംഗ് ഇതിഹാസം വസീം അക്രം. പാക്കിസ്ഥാനെ തഴഞ്ഞവരെ വിമര്‍ശിക്കുന്നതിനു പകരം സ്വന്തം ടീമിനെ പിന്തുണയ്ക്കുകയാണ് ആരാധകര്‍ ചെയ്യേണ്ടതെന്നും അക്രം നിര്‍ദേശിച്ചു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ്, ന്യൂസിലന്‍ഡും ഇംഗ്ലണ്ടും പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയ പശ്ചാത്തലത്തിലാണ് അക്രത്തിന്റെ പ്രതികരണം.

പാക്കിസ്ഥാനിലെ ക്രിക്കറ്റ് പരമ്പര ന്യൂസിലന്‍ഡും ഇംഗ്ലണ്ടും വേണ്ടെന്നുവച്ചതില്‍ ആരാധകര്‍ക്ക് വളരെ നിരാശയുണ്ടെന്ന് അറിയാം. പ്രത്യേകിച്ച് ന്യൂസിലന്‍ഡ് അവസാന നിമിഷം പിന്മാറിയതില്‍. ഞാനും നിങ്ങളെപോലെ നിരാശനും ദു:ഖിതനുമാണ്. എന്നാല്‍ ജീവിതം മുന്നോട്ടുപോകേണ്ടതുണ്ട്. പിസിബി ചെയര്‍മാന്‍ റമീസ് രാജ നിര്‍ദേശിച്ചതുപോലെ പാക് ടീമിനെ പിന്തുണയ്ക്കൂ- അക്രം പറഞ്ഞു.

പാക്കിസ്ഥാനെ തിരസ്‌കരിച്ചവരെ ആവശ്യമെങ്കില്‍ പിന്നീട് വിമര്‍ശിക്കാം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കാണാം. എന്നാല്‍ ഒത്തൊരുമിച്ച് പാക് ടീമിന് പിന്നില്‍ അണിനിരക്കുകയാണ് ഇപ്പോള്‍ വേണ്ടത്. പാക് മണ്ണിലേക്ക് വരാന്‍ ഇഷ്ടമില്ലാത്തവരെ അവരുടെ വഴിക്ക് വിട്ടേക്കൂ. പാക്കിസ്ഥാന്‍ നന്നായി കളിച്ചാല്‍ ലോകത്തെ മറ്റുടീമുകള്‍ പിന്നാലെ വരുമെന്നും അക്രം പറഞ്ഞു.

Read more