'ശക്തമായ തിരിച്ചുവരവ് നടത്തണമായിരുന്നു', ഭാവി മരുമകന്‍ പോരെന്ന് അഫ്രീദി

ടി20 ലോക കപ്പ് സെമിയില്‍ ഓസ്‌ട്രേലിയയ്ക്ക് മത്സരം ജയിക്കാന്‍ അവസരം നല്‍കിയ യുവ പേസര്‍ ഷഹീന്‍ അഫ്രീദിയെ വിമര്‍ശിച്ച് മുന്‍ പാക് ബാറ്റര്‍ ഷാഹിദ് അഫ്രീദി. നല്ല പേസുള്ള ഷഹീന്‍ ശക്തമായ തിരിച്ചുവരവ് നടത്തണമായിരുന്നെന്ന് അഫ്രീദി പറഞ്ഞു. ഷാഹിദ് അഫ്രീദിയുടെ മകളായ അക്‌സയെ വിവാഹം കഴിക്കുന്നത് ഷഹീനാണ്.

ഷഹീന്റെ പ്രകടനത്തില്‍ ഞാന്‍ സന്തുഷ്ടനല്ല. ഹസന്‍ അലി ക്യാച്ച് കൈവിട്ടെങ്കിലും ഷഹീന്‍ മൂന്ന് സിക്‌സുകള്‍ വഴങ്ങരുതായിരുന്നു. ബാറ്ററുടെ അരികിലേക്ക് പന്തെറിയുന്നതിനെക്കാള്‍ വൈഡ് യോര്‍ക്കറുകള്‍ക്ക് ഷഹീന്‍ ശ്രമിക്കണമായിരുന്നു- ഷാഹിദ് അഫ്രീദി പറഞ്ഞു.

ഒരു ക്യാച്ച് കൈവിട്ടതിന്റെ പേരില്‍ ബോളര്‍ അടുത്ത മൂന്ന് പന്തിലും സിക്‌സ് വഴങ്ങിയതിനെ ന്യായീകരിക്കാനാവില്ല. ഷഹീന് നല്ല പേസുണ്ട്. ഇതിലും നല്ല തിരിച്ചുവരവ് അയാള്‍ നടത്തണമായിരുന്നു. ഇത്തരത്തില്‍ അടിച്ചൊതുക്കാന്‍ സാധിക്കുന്ന തരത്തിലെ ഒരു ബോളറല്ല ഷഹീന്‍ എന്നും ഷാഹിദ് അഫ്രീദി കൂട്ടിച്ചേര്‍ത്തു.