'കളി ഫിനിഷ് ചെയ്യാന്‍ ഭയമില്ല', ബാറ്റിംഗ് പൊസിഷനെ കുറിച്ച് പറഞ്ഞ് യുവതാരം

ഇന്ത്യക്കുവേണ്ടി മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള മനസ് തനിക്കുണ്ടെന്ന് യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദ്. ബാറ്റിംഗ് പൊസിഷനെകുറിച്ച് ആകുലതയില്ലെന്നും താരം പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഋതുരാജിനെ ഉള്‍പ്പെടുത്തിയിരുന്നു.

എല്ലായ്‌പ്പോഴും മത്സരം ഫിനിഷ് ചെയ്യാനുള്ള മനസുണ്ട്. മത്സര സാഹചര്യത്തിന് അനുസരിച്ച് ബാറ്റിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതു ഫലം കണ്ടു. ചെന്നൈയ്ക്കായി കളിക്കുമ്പോള്‍ മത്സരം നിയന്ത്രണത്തിലുള്ള സമയത്ത് ഫിനിഷ് ചെയ്യാന്‍ ധോണി നിര്‍ദേശിച്ചിരുന്നു. കളി ഫിനിഷ് ചെയ്യാനുള്ള മാനസികാവസ്ഥയിലാണ് താനെന്നും ഋതുരാജ് പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ചിന്തിക്കുന്നില്ല. ഏതു പൊസിഷനില്‍ കളിക്കാനും തയാര്‍. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവസരങ്ങള്‍ ലഭിച്ച് മുതലെടുക്കുമ്പോഴേ ടീമില്‍ ഇടം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഗെയ്ക്ക്‌വാദ് കൂട്ടിച്ചേര്‍ത്തു