'തൊട്ടതെല്ലാം പൊന്നാക്കാന്‍ ഇപ്പോഴും അവനു കഴിയും', വെറ്ററന്‍ താരത്തെ പുകഴ്ത്തി ഫറോഖ് എന്‍ജിനീയര്‍

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാര്‍ഗദര്‍ശിയായി എം.എസ്. ധോണിയെ നിയോഗിച്ചതിനെ അനുകൂലിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ഫറോഖ് എന്‍ജിനീയര്‍. ഇന്ത്യന്‍ ടീമിന് അധികഭാഗ്യം കൊണ്ടുവരാന്‍ ധോണിക്ക് സാധിക്കുമെന്ന് ഫറോഖ് എന്‍ജിനീയര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ മെന്ററായി ധോണിയെ നിയമിച്ചപ്പോള്‍ ഞാന്‍ ചെറുതായി അതിശയിച്ചു. എന്നാല്‍ എന്തുകൊണ്ട് അതായിക്കൂടാ ? തൊട്ടതെല്ലാം പൊന്നാക്കാനുള്ള കഴിവ് ധോണിക്ക് എല്ലായ്‌പ്പോഴുമുണ്ട്. ധോണിയുടെ അറിവ് ഇന്ത്യന്‍ ടീമിന് വളരെയേറെ പ്രയോജനപ്പെടും. ലോക കപ്പ് ജയിച്ച ക്യാപ്റ്റനല്ലേ ധോണി- ഫറോഖ് എന്‍ജിനീയര്‍ പറഞ്ഞു.

എന്താണ് ഒരു മെന്ററുടെ ജോലി ? ബഹുമാന സൂചനകമായ പദവിയാണത്. ഐപിഎല്‍ ടീമുകള്‍ക്കും മാര്‍ഗനിര്‍ദേശകരുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററാണ്. സച്ചിനെ പോലൊരാള്‍ ഒപ്പമുള്ളത് മനോഹരമായകാര്യം. പഴയ കാലത്ത് കളി നിര്‍ത്തിയാല്‍ ആള്‍ക്കാര്‍ നമ്മളെ മറക്കും. എന്നാല്‍ ഇക്കാലത്ത് ആരാധകര്‍ മറക്കില്ല. നിങ്ങള്‍ ആകര്‍ഷണീയതയും മികവുമുള്ള ക്രിക്കറ്ററാണെങ്കില്‍ ആരാധകര്‍ എല്ലായ്‌പ്പോഴും ഓര്‍ക്കും. ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യും. ധോണിയുടെ ശാന്തതയും പരിചയസമ്പത്തും ഇന്ത്യന്‍ താരങ്ങളെ തീര്‍ച്ചയായും പ്രചോദിപ്പിക്കുമെന്നും ഫറോഖ് എന്‍ജിനീയര്‍ പറഞ്ഞു.