'പാകിസ്ഥാന് എതിരെ അവനെ കളിപ്പിക്കരുത്', രൂക്ഷവിമര്‍ശനം ഉയര്‍ത്തി ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ വാംഅപ്പ് മത്സരത്തില്‍ അമ്പേ പരാജയപ്പെട്ട പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ട്വന്റി20 ലോക കപ്പിലെ പാകിസ്ഥാനുമായുള്ള മുഖാമുഖത്തില്‍ കളിപ്പിക്കരുതെന്ന് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ടുമായുള്ള കളിയില്‍ ഭുവനേശ്വര്‍ 4 ഓവറില്‍ 54 റണ്‍സ് വഴങ്ങിയിരുന്നു. ഒക്ടോബര്‍ 24നാണ് ഇന്ത്യ-പാക് മത്സരം.

ഭുവനേശ്വര്‍ കുമാര്‍ ധാരാളം റണ്‍സ് വഴങ്ങി. പതിവു ആത്മവിശ്വാസം ഭുവിയില്‍ കണ്ടില്ല. ഭുവിക്ക് ധാരാളം പരിചയസമ്പത്തുണ്ട്. എങ്കിലും പാകിസ്ഥാനെതിരെ ഭുവിയെ കളിപ്പിക്കാനാകുമെന്ന് തോന്നുന്നില്ല. ഷാര്‍ദുല്‍ താക്കൂറിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്-ചോപ്ര പറഞ്ഞു.

രാഹുല്‍ ചഹാറും റണ്‍സ് ഒഴുക്ക് തടഞ്ഞില്ല. പാകിസ്ഥാനെതിരെ വരുണ്‍ ചക്രവര്‍ത്തിയാവും കളിക്കുക. അശ്വിന്‍ നന്നായി ബോള്‍ ചെയ്തു. പക്ഷേ, മൂന്നാം സ്പിന്നറായി അശ്വിനെ ഇറക്കുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. മുഹമ്മദ് ഷമി വിക്കറ്റുകള്‍ പിഴുതു. ബുംറ റണ്‍സ് വഴങ്ങിയില്ല. ഷമി റണ്‍സ് വിട്ടുകൊടുത്തേക്കാം. എങ്കിലും ബുംറയെ ഒന്നാം നമ്പര്‍ പേസറായും ഷമിയെ രണ്ടാമനായും കളിപ്പിച്ചാല്‍ അതു നിര്‍ണായകമാകുമെന്നും ചോപ്ര പറഞ്ഞു.