'ഓസിസിനോട് ഇന്ത്യ ചെയ്തത് മറക്കരുത്', ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കി മുന്‍ നായകന്‍

ലീഡ്‌സിലെ മൂന്നാം ടെസ്റ്റിലെ ആധികാരിക ജയത്തോടെ ഇന്ത്യക്കു മേല്‍ മാനസികാധിപത്യം നേടിയ ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കി മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയെ ഒരു കാരണവശാലും എഴുതിത്തള്ളരുതെന്നും വിരാട് കോഹ്ലിക്കും സംഘത്തിനും തിരിച്ചുവരാനുള്ള കരുത്തുണ്ടെന്നും ഹുസൈന്‍ പറഞ്ഞു.

ഹെഡിങ്‌ലിയില്‍ ഇംഗ്ലണ്ട് എല്ലാ വശത്തേക്കും പന്ത് സ്വിംഗ് ചെയ്യിച്ചു. ഇന്ത്യന്‍ സീം ബൗളര്‍മാര്‍ പന്ത് കാര്യമായി സ്വിംഗ് ചെയ്യിച്ചില്ല. എന്നാല്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കുറച്ചുകൂടി നന്നായി ഇണങ്ങുന്ന ലണ്ടനിലെയും ഓള്‍ഡ് ട്രാഫോര്‍ഡിലെയും ടെസ്റ്റുകളില്‍ അവരെ എഴുതിത്തള്ളാന്‍ പാകത്തില്‍ കഠിനാദ്ധ്വാനം നടത്തിയിട്ടുണ്ടോയെന്ന് ഇംഗ്ലണ്ട് പരിശോധിക്കേണ്ടതാണ്- ഹുസൈന്‍ പറഞ്ഞു.

വര്‍ഷാദ്യം അഡ്‌ലെയ്ഡില്‍ വെറും 36 റണ്‍സിന് പുറത്തായ ശേഷം ഓസ്‌ട്രേലിക്കെതിരെ ഇന്ത്യ വിഖ്യാതമായ പരമ്പര ജയം നേടിയത് മറക്കരുത്. കോഹ്ലി നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഇന്ത്യയുടെ ജയമെന്നതും ഓര്‍ക്കണം. കോഹ്ലി ഫോമിലല്ലെങ്കില്‍ പോലും ഇന്ത്യക്ക് ശക്തമായി തിരിച്ചുവരാനുള്ള സ്വഭാവസവിശേഷതയുണ്ടെന്നും ഹുസൈന്‍ പറഞ്ഞു.