46 പന്തില്‍ സെഞ്ച്വറി നേടി പൃഥ്വി 'ഷോ', തകര്‍ത്തടിച്ച് പുജാരയും; മുഖത്തടിയേറ്റ് സെലക്ടര്‍മാര്‍

സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ടി20 ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറി നേടി ഇന്ത്യന്‍ യുവഓപ്പണര്‍ പൃഥ്വി ഷാ. അസമിനെതിരായ മത്സരത്തില്‍ 46 ബോളില്‍ സെഞ്ച്വറി നേടിയ പൃഥ്വി 61 പന്തില്‍ നിന്ന് 134 റണ്‍ നേടി. 9 സിക്‌സും 13 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

പൃഥ്വി ഷായുടെ സെഞ്ച്വറി മികവില്‍ മുംബൈ നിശ്ചിത മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 230 റണ്‍സെടുത്തു. യശസ്വി ജയ്സ്വാള്‍ 30 ബോളില്‍ 42 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ അസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്.

ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിന്റെ വിഷമം അടുത്തിടെ പൃഥ്വി ഷാ പരസ്യമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കായി രണ്ടാം നിര ടീമിനെ ഇറക്കിയപ്പോഴും തന്നെ പരിഗണിക്കാത്തതാണ് യുവതാരത്തെ പ്രകോപിപ്പിച്ചത്. വളരെയധികം കഠിനാധ്വാനം ചെയ്ത് റണ്‍സ് നേടിയിട്ടും തനിക്ക് ടീമില്‍ അവസരമില്ല എന്നത് ഏറെ വിഷമകരമാണെന്ന് താരം പറഞ്ഞു.

സയിദ് മുഷ്താഖ് അലി ട്രോഫിയിലെ മറ്റൊരു മത്സരത്തില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതേശ്വര്‍ പൂജാര 35 പന്തില്‍ നിന്ന് 62 റണ്‍സ് നേടി. നാഗാലാന്‍ഡിന് എതിരെ 27 പന്തിലാണ് പൂജാര അര്‍ദ്ധ ശതകം കണ്ടെത്തിയത്. രണ്ട് സിക്സും 9 ബൗണ്ടറിയും പൂജാരയുടെ ബാറ്റില്‍ നിന്ന് വന്നു.