ഈ മൂന്ന് നിറങ്ങള്‍ ജഴ്‌സിയില്‍ പാടില്ലെന്ന് ബിസിസിഐയുടെ വിലക്ക്, വെളിപ്പെടുത്തലുമായി പ്രീതി സിന്‍റ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികള്‍ക്കായുള്ള ജഴ്സിയില്‍ ചില നിറങ്ങള്‍ ബിസിസിഐ നിരോധിച്ചതായി വെളിപ്പെടുത്തി പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിന്റ. സില്‍വര്‍, ഗ്രേ, വൈറ്റ് എന്നീ നിറങ്ങളിലുള്ള ജഴ്സികള്‍ ബിസിസിഐ വിലക്കിയതായി സിന്റ പറഞ്ഞു. മത്സരങ്ങള്‍ക്ക് വെള്ള പന്തുകള്‍ ഉപയോഗിക്കുന്നതിനാലാണ് ഈ വിലക്കെന്ന് പ്രീതി സിന്റ വെളിപ്പെടുത്തി.

ചുവപ്പും ചാരനിറവും വെള്ളിയും കലര്‍ന്ന നിറങ്ങളിലൂള്ള ജഴ്‌സിയാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നും എന്നാല്‍ ബിസിസിഐ നയം കാരണം നിറം മാറ്റേണ്ടി വന്നെന്നും പ്രീതി സിന്റ ടീമിന്റെ ജഴ്സി അനാച്ഛാദന ചടങ്ങില്‍ പറഞ്ഞു.

മുമ്പ് ഞങ്ങള്‍ക്ക് ചുവപ്പ്, ചാര, വെള്ളി എന്നിവയുടെ സംയോജനം ഉണ്ടായിരുന്നു, എന്നാല്‍ പന്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ബിസിസിഐ വെള്ളി, ചാര, വെള്ള എന്നിവ നിരോധിച്ചു. അതിനാല്‍, ഞങ്ങള്‍ ചുവപ്പുമായി മുന്നോട്ട് പോയി, ഈ വര്‍ഷം ഞങ്ങള്‍ക്ക് ചുവപ്പിനൊപ്പം മികച്ച കോമ്പിനേഷനുണ്ട്- ഇവന്റില്‍ സിന്റ പറഞ്ഞു.

ടീമിന്റെ നട്ടെല്ലായ വിശ്വസ്തരായ ആരാധകര്‍ക്ക് മുന്നില്‍ പുതിയ ജഴ്‌സി പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. പുതിയ നിറങ്ങള്‍ പഞ്ചാബിന്റെ വികാരങ്ങളെയും സ്പന്ദനങ്ങളെയും അത് പ്രതിനിധീകരിക്കുന്ന എല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നതാണ്. ആരാധകര്‍ക്കായി പുതിയ സ്റ്റേഡിയത്തില്‍ അവിസ്മരണീയമായ ചില ഓര്‍മകള്‍ സമ്മാനിക്കും-പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു.