'പാവം.!, അവനെ റിസര്‍വ് താരമായെങ്കിലും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമായിരുന്നു'; യുവ താരത്തിനായി വാദിച്ച് ചോപ്ര

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇഷാന്‍ കിഷനെ തിരഞ്ഞെടുക്കാത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് മുന്‍ താരം ആകാശ് ചോപ്ര. ഓഗസ്റ്റ് 27 മുതല്‍ യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഇന്നലെ തിരഞ്ഞെടുത്തിരുന്നു. കെഎല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ യുവ ഓപ്പണറെ ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു.

‘ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിങ്ങനെ മൂന്ന് റിസര്‍വ് കളിക്കാരുണ്ട്. എന്നാല്‍ പാവം ഇഷാന്‍ കിഷന്റെ കാര്യമോ? നിങ്ങളുടെ കഴിഞ്ഞ ലോക കപ്പ് ടീമില്‍ ഇഷാന്‍ കിഷന്‍ ഉണ്ടായിരുന്നു. അതിനുശേഷം കൂടുതല്‍ ടി20 മത്സരങ്ങളിലും ഓപ്പണറായി അവന്‍ കളിച്ചിട്ടുണ്ട്.’

‘അവന്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ റിസര്‍വിലും അവന്‍ ഇല്ല. ദീപക് ഹൂഡ ശ്രേയസ് അയ്യരുടെ പോസ്റ്റിലേക്ക് എത്തി. ഇഷാന്‍ കിഷന്‍ റിസര്‍വില്‍ പോലും ഇല്ല എന്നത് വ്യക്തിപരമായി എന്നെ ആശ്ചര്യപ്പെടുത്തുന്നു’ ആകാശ് ചോപ്ര പറഞ്ഞു.

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു മത്സരങ്ങള്‍ നടക്കുന്നത്. 28 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍.