'മനസ്സില്‍ തോന്നിയത് ചെയ്തു', ക്രീസ് വിടാനുള്ള തീരുമാനത്തെ കുറിച്ച് പറഞ്ഞ് പൂനം

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ വനിതകളുടെ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിനിടെ അമ്പയര്‍ ഔട്ട് വിധിക്കാതിരുന്നിട്ടും പവലിയനിലേക്ക് മടങ്ങിയതിനെ കുറിച്ച് മനസ് തുറന്ന് ബാറ്റര്‍ പൂനം റൗത്ത്. ആ നിമിഷത്തില്‍ മനസ് പറഞ്ഞതാണ് താന്‍ ചെയ്തതെന്ന് റൗത്ത് വ്യക്തമാക്കി.

അമ്പയര്‍ ഔട്ട് വിളിക്കാതിരുന്നിട്ടും ക്രീസില്‍ നിന്ന് മടങ്ങാനുള്ള തീരുമാനം മനസില്‍ നിന്ന് വന്നതാണ്. ഒരു ഉള്‍പ്രേരണയാലാണ് അങ്ങനെ ചെയ്തത്. അപ്പോള്‍ ശരിയാണെന്ന് തോന്നിയത് ചെയ്തു- പൂനം റൗത്ത് പറഞ്ഞു.സാധാരണയായി വിക്കറ്റുകള്‍ നിലംപൊത്തുന്ന സമയത്ത് ഒരു ടീമും അത് ഇഷ്ടപ്പെടില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ കാണും. തനിക്ക് ശരിയെന്നു തോന്നിയത് ചെയ്‌തെന്നും റൗത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് റൗത്തിന്റെ മാതൃകാപരമായ തീരുമാനം. ഓസ്‌ട്രേലിയയുടെ ഇടംകൈ സ്പിന്നര്‍ സോഫിയ മൊളിന്യൂക്‌സിന്റെ പന്തില്‍ എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെന്ന് തിരിച്ചറിഞ്ഞ പൂനം റൗത്ത് അമ്പയറുടെ തീരുമാനം വരുംമുന്‍പേ ക്രീസ് വിടുകയായിരുന്നു. പൂനത്തിന്റെ ചെയ്തിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.