പൊള്ളാര്‍ഡ് പൊരുതിക്കളിച്ചു; വിന്‍ഡീസിന് മാന്യമായ സ്‌കോര്‍

ട്വന്റി20 ലോക കപ്പില്‍ നിന്ന് മാന്യമായ മടക്കം ആഗ്രഹിക്കുന്ന നിലവിലെ ചാമ്പ്യന്‍ വെസ്റ്റിന്‍ഡീസിന് ഓസ്‌ട്രേലിയക്കെതിരെ മാന്യമായ സ്‌കോര്‍. സൂപ്പര്‍ 12ലെ അവസാന പോരാട്ടങ്ങളിലൊന്നില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മധ്യനിര നഷ്ടപ്പെടുത്തിയെങ്കിലും നായകന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡ് അവസരത്തിനൊത്ത് ഉയര്‍ന്നതാണ് വിന്‍ഡീസിന് രക്ഷയായത്. 31 പന്തില്‍ 44 റണ്‍സ് പൊള്ളാര്‍ഡ് ടീമിന് സംഭാവന ചെയ്തു. നാല് ഫോറും ഒരു സിക്‌സും അതില്‍ ഉള്‍പ്പെടുന്നു. ഓപ്പണര്‍മാരായ എവിന്‍ ലൂയിസും (29), ക്രിസ് ഗെയ്‌ലും (15), മധ്യനിരക്കാരന്‍ ഷിമ്രോണ്‍ ഹെറ്റ്മയറും (27) ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലും (ഏഴ് പന്തില്‍ 18 നോട്ടൗട്ട്, ഒരു ഫോര്‍, രണ്ട് സിക്‌സ്) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.

അവസാന രണ്ടു പന്തുകളിലും മിച്ചല്‍ സ്റ്റാര്‍ക്കിന് സിക്‌സിന് പറത്തിയാണ് റസല്‍ വെസ്റ്റിന്‍ഡീസിന്റെ ഇന്നിംഗ്‌സിന് വിരാമമിട്ടത്. നാലു വിക്കറ്റുമായി പേസര്‍ ജോഷ് ഹെസല്‍വുഡ് വിന്‍ഡീസിന് കടിഞ്ഞാണിടുന്നതിന് നേതൃത്വം നല്‍കി. പാറ്റ് കമ്മിന്‍സും ആദം സാംപയും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോരുത്തരെ വീതം പുറത്താക്കി.