എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ധോണിയുടെ ടീമിൽ കളിക്കുക എന്നത്: സഞ്ജു സാംസൺ

വെടിക്കെട്ട് പ്രകടനവുമായി ടി 20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത സഞ്ജുവിന്റെ അടുത്ത ലക്ഷ്യം 2026 ഐപിഎൽ കിരീടമാണ്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയ താരം തന്റെ ആദ്യ സീസണിൽ തന്നെ ചെന്നൈക്ക് കപ്പ് നേടി കൊടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സാക്ഷാൽ എം എസ് ധോണിയോടൊപ്പം സഞ്ജു പാർട്ട്ണർഷിപ്പ് പടുത്തുയർത്തുന്നത് കാണാനാണ് ആരാധകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്നത്.

ആ ആകാംഷയ്ക്കിടയിലാണ് കഴിഞ്ഞ വ്യാഴാഴ്ച്ച ചെന്നൈയിലെ പരിശീലന ക്യാമ്പിലെത്തിയ സഞ്ജു ധോണിയുടെ സംസാരിക്കുന്ന ഒരു വീഡിയോ സിഎസ്‌കെ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആ വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയും ചെയ്തിരുന്നു.

സഞ്ജു ഒരിക്കൽ ഇങ്ങനെ പറഞ്ഞിരുന്നു, ‘മുൻപും ഞാൻ ധോണിയെ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ അദ്ദേഹത്തെ വലിയൊരു ജനക്കൂട്ടം വളഞ്ഞിരിക്കും. ഒരു തവണയെങ്കിലും അദ്ദേഹത്തെ തനിച്ച് അടുത്ത് കാണണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു.’ ഇപ്പോൾ രണ്ട് മാസത്തോളം അദ്ദേഹത്തോടൊപ്പം പരിശീലനം നേടാനും കളത്തിലിറങ്ങാനും ഭക്ഷണം കഴിക്കാനുമെല്ലാം സാധിക്കുമെന്നതിൽ വലിയ സന്തോഷം, സഞ്ജു കൂട്ടിച്ചേർത്തു.

ധോണിയോടൊപ്പം രണ്ട് മാസം വരെ ചെലവഴിക്കാനാകുന്നതിന്റെ ആവേശത്തിലാണ് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയ സഞ്ജു തന്റെ മുൻ ടീമിനോട് തന്നെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും സിഎസ്‌കെയുടെ ആദ്യ മത്സരത്തിനുണ്ട്. മാത്രവുമല്ല ചെന്നൈ വിട്ട ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ രാജസ്ഥാൻ സ്‌ക്വാഡിൽ ഉണ്ടെന്നതും മത്സരത്തിന്റെ ആവേശം കൂട്ടുമെന്നതും ഉറപ്പാണ്.