പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട്, 11-ാം പതിപ്പ് മുതൽ നിലവിലുള്ള ഡ്രാഫ്റ്റ് രീതിക്ക് പകരം ലേലം (Auction) സമ്പ്രദായം നടപ്പിലാക്കുമെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB). 2016 മുതൽ നിലവിലുണ്ടായിരുന്ന ഡ്രാഫ്റ്റ് രീതിക്കാണ് ഇതോടെ അന്ത്യമാകുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഈ പുതിയ ലേല മാതൃക, കൂടുതൽ സുതാര്യത കൊണ്ടുവരാനും ഫ്രാഞ്ചൈസികൾക്കിടയിൽ മത്സരബുദ്ധി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനുപുറമെ, താരങ്ങളെ വാങ്ങുന്നതിനായുള്ള ഫ്രാഞ്ചൈസി തുക (Purse) 1.3 ദശലക്ഷം ഡോളറിൽ നിന്ന് 1.6 ദശലക്ഷം ഡോളറായി പി.സി.ബി ഉയർത്തിയിട്ടുണ്ട്.
ഐപിഎല്ലിന്റെ വിജയം കണ്ട് ലോകമെമ്പാടുമുള്ള പല ലീഗുകളും ലേലം രീതി സ്വീകരിച്ചിട്ടുണ്ടെങ്കിലും, പിഎസ്എൽ ഇതുവരെ എൻഎഫ്എൽ (NFL), എൻബിഎ (NBA), എംഎൽബി (MLB) തുടങ്ങിയ അമേരിക്കൻ സ്പോർട്സ് ലീഗുകളുടേതിന് സമാനമായ ലോട്ടറി അടിസ്ഥാനത്തിലുള്ള ഡ്രാഫ്റ്റ് രീതിയാണ് പിന്തുടർന്നു പോന്നത്. ലീഗിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും ഭാവി സാധ്യതകൾ വർദ്ധിപ്പിക്കാനുമാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നതെന്ന് പിഎസ്എൽ സിഇഒ സൽമാൻ നസീർ പറഞ്ഞു.
പുതുക്കിയ ഘടന അനുസരിച്ച്, ഓരോ ഫ്രാഞ്ചൈസിക്കും നാല് കളിക്കാരെ നിലനിർത്താൻ (Retain) അനുവാദമുണ്ടാകും. ഓരോ വിഭാഗത്തിലും (Category) ഒരാളെ മാത്രമേ ഇത്തരത്തിൽ നിലനിർത്താൻ സാധിക്കൂ. മുൻപ് എട്ട് കളിക്കാരെ വരെ ടീമുകൾക്ക് നിലനിർത്താമായിരുന്നു. ഇതിൽ മെന്റർ, ബ്രാൻഡ് അംബാസഡർ എന്നിവർ ഉൾപ്പെട്ടിരുന്നു. കൂടാതെ ഡ്രാഫ്റ്റ് സമയത്ത് ഒമ്പതാമതൊരു താരത്തെ കൂടി സ്വന്തമാക്കാൻ സഹായിക്കുന്ന ‘റൈറ്റ് ടു മാച്ച്’ (RTM) ഓപ്ഷനും ടീമുകൾക്ക് ഉണ്ടായിരുന്നു.
മെന്റർമാർ, ബ്രാൻഡ് അംബാസഡർമാർ എന്നീ സ്ഥാനങ്ങളും RTM ഓപ്ഷനും പിസിബി ഇപ്പോൾ നിർത്തലാക്കി. ലേലത്തിന് മുൻപായി ലഭ്യമായ താരങ്ങളിൽ നിന്ന് ഹൈദരാബാദ്, സിയാൽകോട്ട് എന്നീ പുതിയ ടീമുകൾക്ക് നാല് താരങ്ങളെ വീതം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുമെന്നും നസീർ സ്ഥിരീകരിച്ചു.
Read more
പിഎസ്എൽ പത്താം പതിപ്പിൽ കളിക്കാത്ത ഒരു വിദേശ താരത്തെ നേരിട്ട് ടീമിലെത്തിക്കാനും ഫ്രാഞ്ചൈസികൾക്ക് അവസരമുണ്ടാകും. ഇത് ടീമുകൾക്ക് പുതിയ അന്താരാഷ്ട്ര താരങ്ങളെ ഉൾപ്പെടുത്തി നിര ശക്തമാക്കാൻ സഹായിക്കും. പിഎസ്എല്ലിന്റെ 11-ാം സീസൺ മാർച്ച് 26-ന് ആരംഭിക്കും. വരാനിരിക്കുന്ന ടൂർണമെന്റിലെ വേദികളിലൊന്നായി ഫൈസലാബാദിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.







