ഏഷ്യാ കപ്പ് വേദി പ്രഖ്യാപിച്ചു, ഇന്ത്യയ്ക്ക് തിരിച്ചടി

അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പിനുളള വേദി തീരുമാനിച്ചു. പാകിസ്ഥാനിലാണ് 2020ല്‍ നടക്കുന്ന ഏഷ്യ കപ്പ് നടക്കുക. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഇതോടെ ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായി. പാകിസ്ഥാനില്‍ ഇന്ത്യ ക്രിക്കറ്റ് മത്സരം കളിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ വലിയ രാഷ്ട്രീയപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര അനുമതി ലഭിക്കാന്‍ സാധ്യതയില്ല.

2008 ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ കളിച്ചത്. ഇതേ വര്‍ഷം മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും പിന്നീട് ഇരുവരും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ നടക്കാതെ പോവുകയുമായിരുന്നു.

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പിന് മുമ്പാണ് ഏഷ്യാ കപ്പ് നടക്കുക. 2020 സെപ്റ്റംബറിലായിരിക്കാനാണ് സാധ്യത. ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം യു.എ. ഇ യില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.