പാലം കടന്ന് കഴിഞ്ഞപ്പോള്‍ കൂരായണ, ബിസിസിഐ പണി തുടങ്ങി; ഇടിവെട്ടേറ്റ് പാകിസ്ഥാന്‍

2025ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരവും പാകിസ്ഥാന് നഷ്ടമായേക്കാം. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള പാകിസ്ഥാന്റെ സാധ്യതകള്‍ മങ്ങി. ഇന്ത്യ-പാക് നയതന്ത്ര ബന്ധം അസ്ഥിരമായി തുടരുന്നതിനാല്‍ മത്സരം പാകിസ്ഥാന് പുറത്തേക്ക് മാറ്റാനാണ് ആലോചന. പകരം യുഎഇയിലോ 2023ലെ ഏഷ്യാ കപ്പ് പോലെയുള്ള ഹൈബ്രിഡ് മോഡലിലോ ടൂര്‍ണമെന്റ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

2017ലാണ് അവസാനമായി ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടന്നത്. ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ച് പാകിസ്ഥാന്‍ ജേതാക്കളായി. ഷെഡ്യൂള്‍ പ്രകാരം 2023 ഏഷ്യാ കപ്പിന്റെ ഏക ആതിഥേയരും പാകിസ്ഥാന്‍ ആയിരുന്നു. എന്നാല്‍ പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യ തയാറാകാത്തതിനെ തുടര്‍ന്ന് പാകിസ്ഥാന്‍-ശ്രീലങ്ക മത്സരങ്ങള്‍ വിഭജിക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) തീരുമാനിക്കുകയായിരുന്നു.

നാല് മത്സരങ്ങള്‍ക്ക് മാത്രമാണ് പാകിസ്താന്‍ ആതിഥേയത്വം വഹിച്ചത്. ഫൈനല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും ശ്രീലങ്ക ആതിഥേയത്വം വഹിച്ചു. അതിനിടെ, ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നടത്തിയില്ലെങ്കില്‍ ആതിഥേയാവകാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചു.

2008ലെ ഏഷ്യാ കപ്പിലാണ് പാകിസ്ഥാന്‍ അവസാനമായി ഒരു ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്. 2023-ല്‍ ടൂര്‍ണമെന്റ് വേര്‍പെടുത്തിയെങ്കിലും 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ പൂര്‍ണ ആതിഥേയത്വം പാകിസ്ഥാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിസിസിഐയും ഇന്ത്യാ ഗവണ്‍മെന്റും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അതിനാല്‍ ഐസിസിക്ക് മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.