'അവരോട് ഏറെ കടപ്പെട്ടിരിക്കുന്നു'; അയര്‍ലന്‍ഡിനെതിരായ ആദ്യ വിജയത്തില്‍ ബുംറ

11 മാസങ്ങള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുംറയ്ക്ക് ജയത്തോടെ തുടങ്ങാനായിരിക്കുകയാണ്. മഴ കളിമുടക്കിയ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനായി സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ബുംറ.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനായതില്‍ ഏറെ സന്തോഷം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഒരുപാട് സെഷന്‍ പൂര്‍ത്തിയാക്കേണ്ടിവന്നു. എന്തെങ്കിലും പുതുതായി ചെയ്യുന്നതാണെന്നോ, ഒരുപാട് മത്സരങ്ങള്‍ നഷ്ടപ്പെട്ടുവെന്നോ ഞാന്‍ കരുതുന്നില്ല. എന്‍സിഎ സ്റ്റാഫുകളോട് കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് ആത്മവിശ്വാസം തന്നത്.

പിച്ചിലെ സ്വിംഗ് മുതലാക്കുകയായിരുന്നു ലക്ഷ്യം. ഭാഗ്യവശാല്‍ നമുക്ക് തന്നെ ടോസ് ലഭിക്കുകയും നന്നായി ഉപയോഗിക്കാന്‍ കഴിയുകയും ചെയ്തു. എന്നാല്‍ തകര്‍ച്ചയ്ക്ക് ശേഷം അവര്‍ക്ക് തിരിച്ചുകയറാന്‍ പറ്റി. വിജയിച്ചെങ്കില്‍ പോലും ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനുണ്ട്. എല്ലാവരും ആത്മവിശ്വാസത്തിലായിരുന്നു. നല്ല രീതിയില്‍ തയ്യാറെടുപ്പും നടത്തിയിരുന്നു. ഐപിഎല്‍ ഒരുപാട് സഹായിച്ചു- ബുംറ പറഞ്ഞു

ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സില്‍ നില്‍ക്കേ കനത്ത മഴയെത്തി. മത്സരം പുനരാരംഭിക്കാന്‍ സാധിക്കാത്ത തരത്തില്‍ മഴ കനത്തതോടെ കളി ഉപേക്ഷിച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

യശസ്വി ജയ്സ്വാള്‍ (23 പന്തില്‍ 24), തിലക് വര്‍മ (0) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഋതുരാജ് ഗെയ്ക്വാദ് (16 പന്തില്‍ 19*), സഞ്ജു സാംസണ്‍ (1*) എന്നിവര്‍ പുറത്താകാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി 1-0 ന് മുന്നിലെത്തി.