നമ്മുടെ കളിക്കാർ ഇതിന്റെ വിഷമം തീർക്കാൻ പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ ബീച്ചുകളിൽ എവിടെയെങ്കിലും അവധി ആസ്വദിച്ചേക്കാം; പക്ഷെ അവർക്ക് വേണ്ടി കൈയടിച്ച നമ്മളോ പിന്നെയും ഓരോന്ന് മോഹിക്കും

റോണി ജേക്കബ്

ഇതെഴുതുമ്പോൾ കണ്ണൊന്ന് നനഞ്ഞിരുന്നുവോ?? അതേ, നനഞ്ഞിട്ടുണ്ടായിരുന്നു!!.ഇന്ത്യയുടെ ഈ തോൽവി
”ഒരു വ്യാഴവട്ടക്കാലമെങ്കിലും ഞാനടക്കമുള്ള കളി പ്രേമികളെ അതു വേട്ടയാടുക തന്നെ ചെയ്യും!”
1996 വേൾഡ് കപ്പിൽ ശ്രീലങ്കയോടേറ്റ തോൽവി, 2003 ഫൈനലിൽ ഓസീസിനോടേറ്റ തോൽവി, 2019 ൽ കീവിസിനിടോറ്റേ തോൽവി – ഇതെല്ലാം ഓർക്കുമ്പഴേ നെഞ്ചിലൊരു പുകച്ചിലാണ്.

ഇപ്പോ ,ദേ അതിനൊപ്പം മറ്റൊരെണ്ണം കൂടെ!. ടോസ് നഷ്ടപ്പെട്ടപ്പോഴും, തങ്ങൾക്ക് ബാറ്റിംഗ് ആയിരുന്നു താൽപര്യമെന്ന് പറഞ്ഞ രോഹിത് ശർമ, പക്ഷേ ബാറ്റുമായി ക്രീസിൽ നിന്നപ്പോൾ ഒരു കോൺഫിഡൻസും കാട്ടിയില്ല.. ലോകോത്തര പേസർമാരെ പുൾ ഷോട്ടിൻ്റെ മനോഹാരിത കാട്ടി വിസ്മയിപ്പിച്ച ആ പഴയ രോഹിത്തൊന്നുമല്ലായിരുന്നു ക്രീസിൽ, യാതൊരു ലക്ഷ്യവുമില്ലാതെ, എന്തിനോ വേണ്ടി ബാറ്റു ചെയ്യുന്ന രാഹുലും.

രണ്ടു പേരും കൂടെ പതിവു പോലെ ടെസ്റ്റ് ശൈലിയിൽ തുടങ്ങി. കഴിഞ്ഞു പോയ മൽസരങ്ങളിൽ , ഇത്രയേറെ വിമർശനം കേട്ടിട്ടും ഒരു വ്യത്യാസവും അവരിവരുടെയും ബാറ്റിംഗ് ശൈലിയിൽ കണ്ടില്ല. ഒരു പക്ഷേ,എന്തു വന്നാലും ടീമിലെ സ്ഥാനം സുരക്ഷിതമെന്ന ഓവർ കോൺഫിഡൻസായിരിക്കും ഇതിനു പിന്നിൽ.

പക്ഷേ,പവർപ്ലേയിൽ എങ്ങനെ ബാറ്റ് ചെയ്യുണമെന്ന് ഇംഗ്ലീഷുകാർ കാട്ടിത്തന്നു.. ഇന്ത്യൻ തുറുപ്പുചീട്ടുകളായ അർഷദീപ് – ഷമി -ബുവി സഖ്യത്തിനു മേൽ ആദ്യ ഓവറുകളിൽ ത്തന്നെ അവർ ആധിപത്യം നേടി.
29 പന്തിൽ അർദ്ധ സെഞ്ചുറി നേടി അഡ്ലെയിഡിലെ കാണികളെ നോക്കി അഭിവാദ്യം ചെയ്ത അലക്സ് ഹെയ്ൽസിൻ്റെ മുഖത്തുണ്ടായിരുന്നു ഇംഗ്ലണ്ടിൻ്റെ ആ കോൺഫിഡൻസ്.

ഗ്രീഷ്മ കാലത്ത് മഞ്ഞ് പുതച്ചു നിൽക്കുന്ന യൂറോപ്യൻ താഴ് വാരങ്ങൾ അത്രയേറെ മനോഹരിതയാണ്.. ആ മനോഹരിതയേക്കാൾ ഇംഗ്ലീഷ് ക്രിക്കറ്റ് പ്രേമികൾ ആസ്വദിക്കുന്ന ഒന്നാണ് ജോസ് ബട്ലറുടെ ബാറ്റിംഗ്!
ഓസ്ട്രേലിയുടെ ക്രിക്കറ്റ് അഹങ്കാരങ്ങളിലൊന്നായി നില കൊള്ളുന്ന ഈ സുന്ദര ഗ്രൗണ്ടിൽ, ആർത്തലച്ച ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കി ബട്ലറും ഹെയ്ൽസും തകർത്താടിയപ്പോൾ, നെഞ്ചിലെവിടെയോ ഒരു വിങ്ങൽ.

കണ്ണിലെന്തോ ഒരു നനയൽ, ചങ്കിലെന്തോ ഒരു പിടച്ചിൽ അതങ്ങനെയേ വരൂ… കാരണം എനിക്കും നിങ്ങൾക്കും ക്രിക്കറ്റ് എന്നത്, 22 വാര സർക്കിളിൽ, ഒരു ബാറ്റും ഒരു പന്തും തമ്മിൽ നടക്കുന്ന ഒരു ഗെയിം മാത്രമല്ല. അതൊരു ആവേശമാണ്, അതൊരു ശ്വാസമാണ്, അതൊരു താളമാണ്..നമ്മുടെയൊക്കെ ജീവനാണ്.. അല്ല നമ്മളൊക്കെ തന്നെയാണ്!.

കളിക്കാർക്ക് ഇതൊരു പക്ഷേ, അവർ നേരിട്ട ഒരു സാധാരണ മൽസരം മാത്രമായിരിക്കും. തോൽവിയുടെ ക്ഷീണം മറയ്ക്കാൻ മെൽബണിലെയോ സിഡ്നിയിലെയോ ആഡംബര പാർട്ടികളിൽ അവർ പങ്കെടുത്തേക്കാം.. പടിഞ്ഞാറൻ ഓസ്ട്രേലിയുടെ ബീച്ചുകളിലെവിടെയെങ്കിലും അവധി ആസ്വദിച്ചേക്കാം.. അടുത്ത പരമ്പരക്ക് ഇവർ തന്നെ വീണ്ടും പാട് കെട്ടും.. നമ്മൾ വീണ്ടും അവർക്കായ് ജയ് വിളിക്കും… കാരണം – ഇവിടെ ഇങ്ങനൊക്കെയാണ് !.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ