ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ വിവാഹ മണ്ഡപങ്ങളായി മാറി; പാകിസ്ഥാന്‍റെ ദയനീയ മുഖം തുറന്നുകാട്ടി അഫ്രീദി

2009 മാര്‍ച്ചില്‍ ലാഹോറില്‍ ശ്രീലങ്കന്‍ ടീം ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര ആതിഥേയാവകാശം തങ്ങളില്‍ നിന്ന് വളരെക്കാലത്തേക്ക് എടുത്തുകളഞ്ഞത് പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നെന്ന് വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി. ആ സംഭവത്തെത്തുടര്‍ന്ന് ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ വിവാഹ മണ്ഡപങ്ങളായി മാറിയെന്നും രാജ്യത്ത് കളി പുനരുജ്ജീവിപ്പിക്കാന്‍ ക്രിക്കറ്റ് സംഘടനകള്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നും അഫ്രീദി പറഞ്ഞു.

ഞങ്ങളുടെ ഗ്രൗണ്ടുകള്‍ കല്യാണ മണ്ഡപങ്ങളാക്കി. ഞങ്ങളുടെ ഗ്രൗണ്ടില്‍ കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റിന് ഇത് ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടമായിരുന്നു, ഞങ്ങളുടെ കാണികളെ ഞങ്ങള്‍ക്ക് നഷ്ടമായി. ഇതിനെ പുനരുജ്ജീവിപ്പിക്കാന്‍ ക്രിക്കറ്റ് സംഘടനകള്‍ ഏറെ പരിശ്രമിച്ചു. ബോര്‍ഡും സര്‍ക്കാരും ഇതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു.

ഞങ്ങള്‍ മറ്റ് ലീഗുകളില്‍ പോയി കളിക്കുമ്പോള്‍ അവരുടെ സഹായത്താല്‍ ഞങ്ങള്‍ക്ക് ക്രിക്കറ്റ് നമ്മുടെ നാട്ടില്‍ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് പുറത്തുള്ള ക്രിക്കറ്റ് കളിക്കാരെ ബോധ്യപ്പെടുത്താറുണ്ടായിരുന്നു. ഞങ്ങള്‍ കായിക പ്രേമികളുള്ള രാജ്യമാണ്, ഞങ്ങളുടെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കാണാനും കളിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ആ ദുഷ്‌കരമായ കാലഘട്ടം കടന്നുപോയി. ടീമുകള്‍ പാകിസ്ഥാന്‍ പര്യടനത്തിന് എത്തി തുടങ്ങി. ഇതില്‍ ഓസ്ട്രേലിയ പിന്‍വാങ്ങി. ഇംഗ്ലണ്ട് വന്നു. ഇങ്ങനെയുള്ള കാഴ്ചകളാണ് ഇവിടുത്തെ ക്രിക്കറ്റ് പ്രേമികള്‍ കുറേ കാലങ്ങളായി നഷ്ടപ്പെട്ടത്- അഫ്രീദി പറഞ്ഞു.