ടി-20 ലോകകപ്പിലെ അവസാന മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇത്തവണ ഫൈനൽ ടിക്കറ്റ് ലഭിച്ചിരിക്കുന്ന ടീമുകളാണ് ഇന്ത്യയും ന്യുസിലാൻഡും. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യുസിലാൻഡിനെ തോല്പിച്ചായിരുന്നു ഇന്ത്യ കപ്പ് ജേതാക്കളായത്. ഇത്തവണത്തെ ടി 20 ലോകകപ്പ് കിരീടം നേടിയാൽ അതിന്റെ കടം തീർക്കുകയാണ് ന്യുസിലാൻഡിന്റെ ലക്ഷ്യം.
ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ന്യുസിലാൻഡ് നായകൻ മിച്ചൽ സാന്റ്നർ. അഹമ്മദാബാദിലെ കാണികളെ നിശബ്ദരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കലാശപ്പോരിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സാന്റ്നർ പറഞ്ഞത്.
‘ന്യുസിലാൻഡ് ഫേവറിറ്റുകളല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ അത് ഒരിക്കലും ഞങ്ങളെ ബാധിക്കില്ല. ഓരോ മത്സരത്തിലെയും ചെറിയ കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഞങ്ങൾക്ക് വിജയിക്കാം. ആദ്യമായി ഒരു ടി20 ലോകകപ്പ് സ്വന്തമാക്കാൻ ചിലരുടെ ഹൃദയങ്ങൾ തകർക്കേണ്ടി വന്നാൽ അതിൽ ഞങ്ങൾക്ക് വിഷമമില്ല’, സാന്റ്നർ പറഞ്ഞു.
Read more
‘അഹമ്മദാബാദിലെ കാണികളെ നിശബ്ദരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ വെല്ലുവിളികൾ ഒരുപാടുണ്ട്, അത് ഓരോ സമയത്തും മാറിമറിഞ്ഞ് വരും. സ്വന്തം മണ്ണിൽ കളിക്കുന്നതിനാൽ ഇന്ത്യയ്ക്ക് ജയിക്കണമെന്ന സമ്മർദ്ദമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇതുവരെ ഞാൻ പിച്ച് കണ്ടിട്ടില്ല, അത് മൂടിയിട്ടിരിക്കുകയാണ്. എങ്കിലും കൂറ്റൻ സ്കോറുകൾ പിറക്കുന്ന ബാറ്റുചെയ്യാൻ സുഖമുള്ള ഫ്ളാറ്റ് പിച്ചാണ് പ്രതീക്ഷിക്കുന്നത്’, സാന്റ്നർ കൂട്ടിച്ചേർത്തു.







