'ഞങ്ങളെ സഹായിക്കാന്‍ രണ്ടു പേര്‍ മാത്രമാണു വന്നത്'; ഓസ്‌ട്രേലിയയില്‍ ബാഗ് ചുമക്കേണ്ടി വന്ന സംഭവത്തില്‍ ഷഹീന്‍

ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തിയ പാകിസ്ഥാന്‍ താരങ്ങള്‍ തങ്ങളുടെ ബാഗുകള്‍ സ്വയം ചുമന്നു വാഹനത്തില്‍ കയറ്റിയ സംഭവത്തില്‍ വിശദീകരണവുമായി പാക് പേസര്‍ ഷഹീന്‍ അഫ്രീദി. 30 മിനിറ്റിനുള്ളില്‍ അടുത്ത വിമാനത്തില്‍ കയറേണ്ടതിനാല്‍ ജോലികള്‍ പെട്ടെന്നു തീര്‍ക്കുന്നതിനാണ് താരങ്ങള്‍ തന്നെ ബാഗുകള്‍ വാഹനത്തില്‍ കയറ്റിയതെന്ന് ഷഹീന്‍ അഫ്രീദി പറഞ്ഞു.

30 മിനിറ്റിനുള്ളില്‍ ഞങ്ങളുടെ അടുത്ത വിമാനം പുറപ്പെടും. ഞങ്ങളെ സഹായിക്കാനായി രണ്ടു പേര്‍ മാത്രമാണു വന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ തന്നെ ബാഗുകള്‍ ചുമന്നത്. കൃത്യസമയത്തെത്താന്‍ ഞങ്ങള്‍ക്ക് ജോലികളെല്ലാം പെട്ടെന്നു തീര്‍ക്കേണ്ടതായി വന്നു- ഷഹീന്‍ പറഞ്ഞു.

പാക് താരങ്ങല്‍ ബാഗ് ചുമക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ആതിഥേയരായ ഓസ്‌ട്രേലിയ പാകിസ്ഥാന്‍ താരങ്ങളെ സ്വീകരിക്കാന്‍ യാതൊരു ഒരുക്കവും നടത്തിയില്ലെന്ന് വിമര്‍ശകര്‍ ആരോപിച്ചു.

ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിനു ശേഷം പാകിസ്ഥാന്‍ കളിക്കുന്ന ആദ്യ പരമ്പരയാണിത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയാണ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത്.