ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല്, അടുത്ത സുഹൃത്ത്; എന്നിട്ടും രോഹിത് ശര്‍മ്മ കാരണം ടെസ്റ്റ് കരിയര്‍ തീര്‍ന്നു

ഒരു പക്ഷേ ലോകക്രിക്കറ്റില്‍ കളിക്കാനുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ടീം ഒരുപക്ഷേ ടീം ഇന്ത്യയായിരിക്കും. മികച്ച അനേകം കളിക്കാര്‍ പുറത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അവസരം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കളിക്കാരുടെ കൂട്ടത്തില്‍ ഇന്ത്യയുടെ നായകനായ രോഹിത് ശര്‍മ്മ കാരണം ടെസ്റ്റ് ടീമില്‍ ഇടംകിട്ടാതെ ഇന്ത്യയുടെ ഒരു കരുത്തനായ കളിക്കാരനുണ്ട്.

ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മയുടെ ഉറ്റ സ്‌നേഹിതന്‍ കൂടിയായ ശിഖര്‍ ധവാനാണ് ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്താനാകാതെ പുറത്തു നില്‍ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ താരത്തിന്റെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവ് ഏറെ ദുഷ്്കരവുമായിരിക്കും. രോഹിത് ശര്‍മ്മയെ പോലെ തന്നെ ബാറ്റിംഗില്‍ അസാമാന്യ മികവുള്ള താരമാണ് ശിഖര്‍ ധവാന്‍. എന്നാല്‍ ദീര്‍ഘകാലമായി ശിഖര്‍ ധവാന് ടെസ്റ്റ് ടീമില്‍ സെലക്ടര്‍മാര്‍ അവസരമേ നല്‍കുന്നില്ല. ടെസ്റ്റ് ടീമിന്റെ നായകന്‍ കൂടിയായി മാറിയതോടെ രോഹിത് ശര്‍മ്മയെ ഓപ്പണര്‍ സ്ഥാനത്തു നിന്നും നിക്കാനും കഴിയാത്ത സ്ഥിതിയായി.

നിലവില്‍ ടെസ്റ്റ് ഓപ്പണറായി കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും കാത്തുനില്‍ക്കുന്നു. ഇതോടെ ടെസ്റ്റ് ടീമിന്റെ വാതില്‍ ഏറെക്കുറെ ധവാന് മുന്നില്‍ അടഞ്ഞത് പോലെയായി. 2018 ലായിരുന്നു ധവാന്‍ അവസാനമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചത്. കണക്കുകള്‍ പരിശോധിച്ചാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 34 കളികളില്‍ 2300 റണ്‍സ് അടിച്ച താരമാണ് ധവാന്‍. ഇതില്‍ ഏഴു സെഞ്ച്വറികളും ഉള്‍പ്പെടുന്നുണ്ട്. 2013 ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിതിനെയും ധവാനെയും ഓപ്പണറാക്കി ധോണി പരീക്ഷിച്ചത്. പിന്നീട് ഇവര്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ അടിത്തറയായി മാറുകയും ചെയ്തു. എന്നാല്‍ കുറേ കാലമായി രോഹിതിന്റെ ഓപ്പണിംഗ് പങ്കാളി കെ.എല്‍. രാഹുലാണ്.

149 ഏകദിനം ഇന്ത്യയ്ക്കായി കളിച്ച ധവാന്റെ പേരില്‍ 6284 റണ്‍സുണ്ട്. 68 ടി ട്വന്റിയില്‍ 1759 റണ്‍സും 34 ടെസ്റ്റുകളില്‍ 2315 റണ്‍സും താരത്തിന്റെ പേരിലുണ്ട്. അനേകം യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ അവസരം കാത്ത് നില്‍ക്കുമ്പോള്‍ ധവാന്റെ കരിയറിന് മേല്‍ വാള്‍ തൂങ്ങിത്തുടങ്ങിയെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. രോഹിത് ശര്‍മ്മയും കെ.എല്‍. രാഹുലും ടെസ്റ്റ് ടീമിന്റെ ഓപ്പണറായി സ്ഥിരസാന്നിദ്ധ്യം നേടിയതോടെയാണ് ധവാന്റെ കസേര തെറിച്ചത്.