ഏകദിന ലോകകപ്പ്: 'ഈ തോല്‍വി വേദനിപ്പിക്കണം, ഈ നിമിഷം മറക്കരുത്'; ഓറഞ്ച് അട്ടിമറിയില്‍ ബാവുമ

ഏകദിന ലോകകപ്പ് മറ്റൊരു വലിയ അട്ടിമറിയ്ക്ക് സാക്ഷികളായിരിക്കുകയാണ്. ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്സ് അതിശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിനാണ് ദക്ഷഇണാഫ്രിക്ക പരാജയം നുണഞ്ഞത്. ഇപ്പോഴിതാ ആ അപ്രതീക്ഷിത തോല്‍വിയെ കുറിച്ച് മനസ്തുറന്നിരിക്കുകയാണ് ടീം നായകന്‍ ടെമ്പ ബാവുമ.

നിങ്ങള്‍ വികാരങ്ങള്‍ ഉള്ളിലേക്ക് കടക്കാന്‍ അനുവദിക്കണം. സംഭവിച്ചത് മറക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് കരുതരുത്. ഇത് വേദനിപ്പിക്കും, ഇത് വേദനിപ്പിക്കണം. പക്ഷേ നിങ്ങള്‍ ഉണര്‍ന്ന് നാളെ ശക്തമായ തിരിച്ചുവരവ് നടത്തണം. ഈ തോല്‍വി ടൂര്‍ണമെന്റില്‍ ഞങ്ങളെ തളര്‍ത്തില്ല. പക്ഷേ ഇന്നത്തെ ഈ തോല്‍വിയുടെ വികാരം നിങ്ങള്‍ അനുഭവിച്ചറിയണം, തല ഉയര്‍ത്തി നാളെ മടങ്ങിവരണം- മത്സരത്തിന് ശേഷമുള്ള അവതരണത്തില്‍ ബാവുമ പറഞ്ഞു.

ആവേശകരമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 38 റണ്‍സിന് തകര്‍ത്താണ് ഓറഞ്ച് പട വിജയം നേടിയത്. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ വമ്പന്‍ വിജയങ്ങള്‍ നേടിയെത്തിയ ദക്ഷിണാഫ്രിക്ക സ്വപ്നത്തില്‍പ്പോലും കരുതാത്ത തിരിച്ചടിയാണ് നെതര്‍ലന്‍ഡ്സ് സമ്മാനിച്ചത്.

Read more

മഴമൂലം 43 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ഉയര്‍ത്തി 246 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207 റണ്‍സിന് ഓള്‍ഔട്ടായി.