ഏകദിന ലോകകപ്പ് 2023: ആ ടീം ഓസ്‌ട്രേലിയയുടെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്നു; ഷെയ്ന്‍ വാട്സന്റെ താരതമ്യത്തില്‍ വിസ്മയിച്ച് ക്രിക്കറ്റ് ലോകം

ഏകദിന ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് അതിഥേയരായ ഇന്ത്യ. കളിച്ച മത്സരങ്ങളില്‍ ആറിലും ജയിച്ച ഇന്ത്യ സെമിയില്‍ കയറുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇപ്പോഴിതാ 2023 ലോകകപ്പിലെ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മികവിനെ ടൂര്‍ണമെന്റിന്റെ 2003, 2007 പതിപ്പുകളില്‍ തുടര്‍ച്ചയായി കിരീടങ്ങള്‍ നേടിയ അജയ്യമായ ഓസ്ട്രേലിയന്‍ ടീമിനോട് ഉപമിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍.

‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, മുന്‍കാല ഓസ്ട്രേലിയന്‍ ടീമുകള്‍ക്ക് സമാനമായ പ്രഭാവലയം ഇന്ത്യന്‍ ടീമിനുണ്ടെന്ന് വാട്സണ്‍ പറഞ്ഞു. ‘അവര്‍ സമാനമായ പ്രഭാവലയം പുറപ്പെടുവിക്കുന്നു. 2003, 2007 ലോകകപ്പുകളിലെ അജയ്യരായ ഓസ്ട്രേലിയന്‍ ടീമുകളുടെ കാര്യത്തിലെന്നപോലെ, ഈ ടീമിന് യാതൊരു ബലഹീനതയും ഇല്ല. ആ ഓസീസ് ടീമിനെപ്പോലെ, ഈ ടീമിന് മികച്ച ലോകോത്തര മാച്ച് വിന്നര്‍മാരും ഉണ്ട്.’

‘രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ സന്തുലിതാവസ്ഥയും കളിക്കാരുടെ ഫോമും കണ്ടപ്പോള്‍, ഈ ചിന്ത എന്റെ മനസ്സില്‍ വന്നു. അവര്‍ അവിശ്വസനീയമാംവിധം ആധിപത്യം പുലര്‍ത്തുകയും ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ്. ഈ ഇന്ത്യന്‍ ടീമിനെ വെല്ലുവിളിക്കാന്‍ ഇറങ്ങുന്ന ടീമിന് അവരുടെ ഏറ്റവും മികച്ചത് തന്നെ പുറത്തെടുക്കേണ്ടിവരും- വാട്‌സണ്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ലോകകപ്പില്‍ ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. തുടര്‍ച്ചയായ ഏഴാം വിജയത്തിലാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്. വാംഖഡെയില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതലാണ് മത്സരം. ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ വരുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് യോഗ്യത ലഭിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ യോഗ്യത ലഭിക്കുക.