ഏകദിന ലോകകപ്പ്: പതിവ് തെറ്റിക്കാതെ സൗത്താഫ്രിക്ക, വിറച്ചെങ്കിലും വീഴാതെ ഓസ്ട്രേലിയ; അഹമ്മദാബാദിൽ ഇന്ത്യക്ക് കാര്യങ്ങൾ കടുപ്പമാകും

അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ആരാണ് ഇന്ത്യയെ നേരിടാൻ പോകുന്നതെന്നുള്ള കാര്യത്തിൽ തീരുമാനമായി. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ സൗത്താഫ്രിക്കയെ തോൽപ്പിച്ച് ഫൈനലിൽ എത്തിയിരിക്കുകയാണ് ഓസ്ട്രേലിയ . ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 212 റൺസിന് പുറത്തായപ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റ് മാത്രം ബാക്കി നിൽക്കെ ആവേശ ജയം സ്വന്തമാക്കുക ആയിരുന്നു. സൗത്താഫ്രിക്കൻ ബാറ്ററുമാരുടെ മോശം പ്രകടനമാണ് അവരെ കളിയിൽ തോൽപ്പിച്ചതെന്ന് പറയാം .

സൗത്താഫ്രിക്ക ഉയർത്തിയ താരതമ്യേന ചെറുതെന്ന് തോന്നിക്കുന്ന സ്കോർ പിന്തുടർന്ന് ഓസ്‌ട്രേലിയ്ക്കായി വാർണർ- ഹെഡ് സഖ്യം നൽകിയത് മനോഹരമായ തുടക്കമാണ്. ഇരുവരും ചേർന്ന് 7 ഓവറിന് ആകുന്നതിന് മുമ്പുതന്നെ 60 റൺ ചേർത്തു. ശേഷം വാർണറിനെ 29 മടക്കി മാർക്ക്റാം സൗത്താഫ്രിക്കയെ മത്സരത്തിൽ നിലനിർത്തി. പകരമെത്തിയത് മാർഷായിരുന്നു. ക്രീസിൽ ബുദ്ധിമുട്ടിയ അദ്ദേഹത്തെ റബാഡ റൺ ഒന്നും എടുക്കാതെ മടക്കിയതോടെ സൗത്താഫ്രിക്കൻ ക്യാമ്പിൽ ആവേശമായി.

സ്റ്റീവ് സ്മിത്ത് ഹെഡിന് കൂട്ടായി എത്തിയതോടെ ഓസ്‌ട്രേലിയൻ സ്കോർ ബോർഡ് വീണ്ടും ചലിച്ചു. എന്നാൽ ഹെഡ് 62 മടങ്ങിയ ശേഷം പിന്നെ സൗത്താഫ്രിക്കൻ തിരിച്ചുവരവാണ് കണ്ടത്. കൃത്യമായ ഇടവേളകളിൽ മാർനസ് ലാബുഷാഗ്നെ 18 ( 31 ) മാക്‌സ്‌വെൽ 1 കൂടി മടങ്ങിയതോടെ കളി ആവേശമായി. കൊടുങ്കാറ്റിനും വീഴാത്ത ശക്തിയായി സ്മിത്തും കൂടെ ഇന്ഗ്ലിസും രക്ഷാപ്രവർത്തനം നടത്തി.

ജെറാൾഡ് കോറ്റ്‌സി എന്ന ഈ ലോകകപ്പിന്റെ കണ്ടെത്തൽ ഇരുവരെയും മടക്കിയതോടെ കളി ആവേശമായി. സ്മിത്ത് 30 റൺസ് എടുത്തപ്പോൾ ഇന്ഗ്ലീസ് 28 റൺ നേടി.  എന്നാൽ സൗത്താഫ്രിക്കയുടെ മനോവീര്യം തകർത്തെറിഞ്ഞ കൂട്ടുകെട്ടുമായി സ്റ്റാർക്ക് – കമ്മിൻസ് സഖ്യം ചേർന്നതോടെ ഓസ്ട്രേലിയ കഷ്ടപെട്ടിട്ട് ആണെങ്കിലും ജയം ഉറപ്പിക്കുക ആയിരുന്നു. സ്റ്റാർക്ക് 16 റൺസ് നേടിയപ്പോൾ കമ്മിൻസ് 14 റൺ നേടി. സൗത്താഫ്രിക്കക്ക് വേണ്ടി ഷംസി കോറ്റ്‌സി എന്നിവർ രണ്ടും റബാഡ മാർക്ക്റാം മഹാരാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ടോസ് നിർണായകമാകും എന്ന തോന്നലിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ആഫ്രിക്കൻ നായകന് പിഴച്ചു. പതിവുപോലെ ഒന്നും ചെയ്യാനാകാതെ നേരിട്ട നാലാം പന്തിൽ തന്നെ സ്റ്റാർക്കിന് ഇരയായി ബാവുമ മടങ്ങി. ക്രീസിൽ ഒത്തുചേർന്ന ഡി കോക്ക്- വാൻ ഡെർ ഡസ്സൻ സഖ്യം കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ഇവർക്ക് പന്ത് ഒന്ന് കണക്‌ട് ചെയ്യാൻ പോലും ആയില്ല. വല്ലപ്പോഴും മാത്രമാണ് ഒരു സിംഗിൾ എങ്കിലും വന്നത്.

അത്ര ഉഗ്രനായിട്ടാണ് ഓസ്‌ട്രേലിയൻ ബോളർമാർ പന്തെറിഞ്ഞത്. ഈ ലോകകപ്പിലെ ടോപ് സ്‌കോററുമാരിൽ രണ്ടാമത് നിൽക്കുന്ന ഡി കോക്ക് 3 ജോഷ് ഹേസൽവുഡ് എറിഞ്ഞ തന്ത്രപരമായ പന്തിൽ വീണപ്പോൾ വാൻ ഡെർ ഡസ്സൻ 6 ഹേസൽവുഡിന് തന്നെ ഇരയായി മടങ്ങി. രണ്ട് ബൗണ്ടറി ഒകെ നേടി ക്രീസിൽ തുറക്കുമെന്ന് പ്രതീക്ഷിച്ച മാർക്ക്റാം 10 റൺ നേടി സ്റ്റാർക്കിന് ഇരയായി ആ കാര്യത്തിന് മടങ്ങിയതോടെ തീരുമാനമായി.

50 പന്തുകൾക്ക് ശേഷമാണ് ഒരു ബൗണ്ടറി പിറന്നത് എണ്ണത്തിലുണ്ട് ഓസ്‌ട്രേലിൻ ആധിപത്യം എത്രത്തോളം ഉണ്ടെന്ന് അറിയാൻ. ഇതും ലോകകപ്പിലെ ഒരു റെക്കോഡാണ്. പിന്നീട് ക്രീസിൽ ഉറച്ച ക്ലാസെൻ- മില്ലർ സഖ്യം രക്ഷാപ്രവർത്തനം നടത്തി. ഇടക്ക് മഴമൂലം കുറച്ചുനേരം മത്സരം തടസപ്പെട്ടെങ്കിലും അഞ്ചാം വിക്കറ്റിൽ ക്ലാസൻ-മില്ലർ കൂട്ടുകെട്ട് 95 റൺസടിച്ച് ദക്ഷിണാഫ്രിക്കയെ 100 കടത്തി. തുടർച്ചയായ പന്തുകളിൽ ക്ലാസനെയും(47) മാർക്കോ യാൻസനെയും(0) പുറത്താക്കി ട്രാവിഡ് ഹെഡാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. പിന്നീടും മനോഹമായി തന്നെ കളിച്ച മില്ലർ ജെറാൾഡോ കോയെറ്റ്സീക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടിൽ നിന്നാണ് രക്ഷിച്ചത്.

സെഞ്ച്വറി നേടിയ ശേഷം ആക്രമണം തുടർന്ന മില്ലർ കമ്മിൻസ് പുറത്തായതോടെ മനോഹാരമായ ഇന്നിങ്സിന് സമാപനമായി. പുറത്താകുമ്പോൾ 116 പന്തിൽ എട്ട് ഫോറും അഞ്ച് സിക്സും പറത്തി മില്ലർ 101 റൺസ് അടിച്ചിരുന്നു. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും നായകൻ പാറ്റ് കമിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ട്രാവിസ് ഹെഡും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.