ഏകദിന ലോകകപ്പ്: 'ഷദാബ് ഖാന്റെ പരിക്ക് അഭിനയം, പിന്മാറ്റം മത്സര സമ്മര്‍ദ്ദം താങ്ങാനാവാതെ'

ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷദാബ് ഖാന്‍ പരിക്ക് അഭിനയിക്കുകയായിരുന്നവെന്ന ആരോപണവുമായി പാക് മുന്‍ താരം ഉമര്‍ ഗുല്‍. ദക്ഷിണാഫ്രിക്കക്കെതിരെ ഫീല്‍ഡിംഗിനിടെ പന്ത് തലയില്‍ കൊണ്ട് പരിക്കേറ്റ ഷദാബ് ഗ്രൗണ്ട് വിട്ടിരുന്നു.

ഫീല്‍ഡിംഗിനിടെ പന്ത് തലയില്‍ കൊണ്ട ഷദാബിന് ഗുരുതരമായി പരിക്കേറ്റുവെന്ന് ഞാന്‍ കരുതുന്നില്ല. ദക്ഷിണാഫ്രിക്ക തോല്‍ക്കുമെന്ന ഘട്ടമായപ്പോള്‍ ഷദാബ് ഡഗ് ഔട്ടില്‍ ക്യാമറക്ക് മുന്നില്‍ വന്ന് കൈയടിക്കുന്നത് കാണാമായിരുന്നു. നിങ്ങള്‍ പാകിസ്ഥാനിലെ 24 കോടി ജനതയുടെ വികാരം വെച്ചാണ് കളിക്കുന്നതെന്ന് മനസിലാക്കണം. അതുകൊണ്ടുതന്നെ ഷദാബിന്റെ ആവേശപ്രകടനം എനിക്ക് അത്ര ആവേശകരമായി തോന്നിയില്ല.

ഫീല്‍ഡിംഗിനിടെ ഷദാബിനേറ്റ പരിക്കിന് കണ്‍കഷന്‍ സബ്‌സറ്റിറ്റിയൂട്ടിനെ ഇറക്കേണ്ട ആവശ്യമുണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഗ്രൗണ്ടില്‍ നിന്ന് കയറിപ്പോയ ഷദാബ് കുറച്ചു സമയത്തിനുശേഷം ഡഗ് ഔട്ടില്‍ തിരിച്ചെത്തി. ഷദാബിന്റെ സ്‌കാനിംഗില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഷദാബ് മത്സര സമ്മര്‍ദ്ദത്തില്‍ നിന്ന് ഒളിച്ചോടാനുള്ള വഴിതേടിയതാണെന്നാണ് ഞാന്‍ കരുതുന്നത്- ഉമര്‍ ഗുല്‍ പറഞ്ഞു.

ഷദാബ് ഖാന്‍ പരിക്കേറ്റ് പുറത്തായതോടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഉസാമ മിര്‍ ആണ് പാകിസ്ഥാനുവേണ്ടി ഗ്രൗണ്ടിലിറങ്ങിയത്. ഉസാമ മിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ബോളിംഗില്‍ തിളങ്ങുകയും ചെയ്തു. പക്ഷേ മത്സരത്തില്‍ പാകിസ്ഥാന് ജയം എത്തിപ്പിടിക്കാനാലില്ല. ഒരു വിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയിച്ചുകയറി.