നോക്ക്ഔട്ടിലെ കീവി അപ്രമാദിത്യത്തിന്റെ ചരിത്രത്തെ രോഹിത് ശര്‍മ്മ എന്ന മരണഭയമില്ലാത്ത സൈന്യാധിപന്‍ വെല്ലുവിളിച്ചു, കാണാന്‍ ഏറെ കൊതിച്ചൊരു പക പോക്കല്‍

ഹോലുഹ്രണിലെ അഗ്‌നിപര്‍വ്വത വിസ്‌ഫോടനം പോലെ, ഒരിക്കല്‍ മാത്രമായിരുന്നെങ്കില്‍ പോലും അങ്ങ് മറന്ന് കളയാമായിരുന്നു. ഇത് അങ്ങനെ ആയിരുന്നില്ലല്ലോ. രണ്ടായിരത്തിലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, രണ്ടായിരത്തി പത്തൊമ്പതിലെ ലോകകപ്പ് സെമി ഫൈനല്‍, രണ്ടായിരത്തി ഇരുപത്തിയൊന്നിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍…….

അങ്ങനെ അങ്ങനെ, നിധിയിരുന്ന ദ്വീപുകള്‍ തേടിയുള്ള യാത്രകളുടെ അവസാന യാമങ്ങളില്‍, മോഹങ്ങളെ സിക്‌സറിന് പറത്തിയൊരു ക്രിസ് കെയ്ന്‍സായി, അല്ലെങ്കില്‍, ഡയറക്റ്റ് ത്രോ കൊണ്ട് ചങ്കുതുളച്ചു കളഞ്ഞൊരു മാര്‍ട്ടിന്‍ ഗുപ്ത്തിലായി, അതുമല്ലെങ്കില്‍, ചുവന്ന പന്ത് കൊണ്ട് ഇടനെഞ്ചു തകര്‍ത്തൊരു കൈയ്ല്‍ ജാമിസണായി, പലപ്പോഴും ഒരു കറുത്ത കുപ്പായക്കാരന്റെ വെളുത്ത കരങ്ങളുണ്ടായിരുന്നു.

പണ്ടാരോ പറഞ്ഞിട്ടുണ്ട്, ‘ഏകാന്തത വിരിച്ചിട്ട നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപോകുമ്പോള്‍ പഴയ പ്രണയിനികളെ ഓര്‍ക്കാത്തവന്‍ പുരുഷനല്ലത്രേ’ അതുപോലെ, കരഞ്ഞു തീര്‍ത്തിട്ടും കുത്തിനോവിച്ചു കൊണ്ടിരുന്ന കളിത്തോല്‍വികള്‍ക്ക് പകരം ചോദിച്ചു കാണാണമെന്നാഗ്രഹിക്കാത്തവന്‍ ക്രിക്കറ്റ് പ്രേമിയുമല്ല.

കാണാന്‍ ഏറെ കൊതിച്ചൊരാ പക പോക്കലിന്റെ ദിനമായിരുന്നു ഇത്. ട്രെന്റ് ബോള്‍ട്ടിനെ ഒരു ഫ്‌ലമിങ്കോ ഷോട്ടില്‍ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി കടത്തി ഹരിശ്രീ കുറിച്ച്, ബോള്‍ട്ടിനെയും സൗത്തിയെയും, സാന്റനറെയും കവറിനും, ഡീപ് സ്‌ക്വറിനുമൊക്കെ മുകളിലൂടെ സിക്‌സറുകള്‍ക്ക് പറത്തിക്കൊണ്ട് നോക്ക്ഔട്ടിലെ കീവി അപ്രമാദിത്യത്തിന്റെ ചരിത്രത്തെ രോഹിത് ശര്‍മ്മ എന്ന മരണഭയമില്ലാത്ത സൈന്യാധിപന്‍ വെല്ലുവിളിച്ചു.

ഗില്ലും പിന്നീട് ശ്രേയസും ക്യാപ്റ്റന്റെ ക്രോമസോമുകളെ ഇന്‍ഹെരിറ്റ് ചെയ്ത് ബാറ്റ് വീശിയപ്പോള്‍, ആകാശസീമകളെ ചുംബിച്ചു കൊണ്ട് വെളുത്ത കുക്കുമ്പര വാംഖഢയുടെ ഡീപ്സ്റ്റാന്റുകളിലേക്ക് തുടരെ തുടരെ പറന്നു താഴ്ന്നു. മറുവശത്ത് വിരാട് കോഹ്ലി സ്ഥൈര്യത്തിന്റെ പ്രതീകമായിരുന്നു. മെഗാവോള്‍ട്ട് ഇലക്ട്രിക് ഇമ്പള്‍സുകളെ നിയന്ത്രിക്കുന്ന കണ്ട്രോള്‍ പാനല്‍ പോലെ, ഒരറ്റത്ത് ആങ്കര്‍ ചെയ്ത് ഇന്നിങ്‌സ് ബിള്‍ട് ചെയ്ത്, ലോകം കാത്തിരുന്ന ആ അമ്പതാം ശതകം, റെക്കോര്‍ഡുകളുടെ തമ്പുരാനെ സാക്ഷി നിര്‍ത്തി വിരാട് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു.

ആ അസുലഭമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ച, കാല്‍പന്തുകളിയുടെ മഹാമന്ത്രികന്‍, മഴവില്ലിന്റെ തുണ്ടൊടിഞ്ഞു വീണത് പോലെയുള്ള ആ ഫ്രീക്കിക്കുകള്‍ അനുസ്മരിപ്പിച്ചു കൊണ്ട് മനോഹരമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. രാഹുലിന്റെ ഫിനിഷിങ് ടച്ച് കൂടിയായപ്പോള്‍ 398 എന്ന കൂറ്റന്‍ വിജയലക്ഷ്യം കീവികള്‍ക്ക് മുന്നില്‍ പടുത്തുയര്‍ത്തപെട്ടു.

ആദ്യ പകുതിയുടെ അവര്‍ത്തനം പോലെ തുടക്കത്തിലേ രണ്ടു വിക്കറ്റുകള്‍ വീണപ്പോള്‍ മറ്റൊരു വണ്‍സൈഡ് അഫയറിലേക്കുള്ള യാത്രയാണെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ ഇത് നോക്ക്ഔട്ടാണ്, എതിരാളികള്‍ കീവികളും… കെയ്ന്‍ വില്യംസണ്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാനെ കൂട്ട് പിടിച്ചുകൊണ്ട് ഡാരി മിച്ചല്‍ എന്ന അതികായകന്‍, തന്റെ പേശിബലം കാട്ടിതുടങ്ങിയപ്പോള്‍, ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ബൗളര്‍മാര്‍ പരീക്ഷിക്കപ്പെടുകയായിരുന്നു. ജഡേജയും, കുല്‍ദീപും, സിറാജുമൊക്കെ, ആ ഓണ്‍സ്ലോട്ടില്‍ നിരായുധരായപ്പോള്‍, കമന്ററിബോക്‌സില്‍, ഇയാന്‍ സ്മിത്ത് കളിപറച്ചിലിന്റെ ആവേശ കൊടുമുടികളിലേക്ക് ആരോഹണം ചെയ്തു കൊണ്ടേയിരുന്നു.

ബ്രേക്ക്ത്രൂവിനായി ക്യാപ്റ്റന്‍ തിരികെ വിളിച്ച ബുമ്രയുടെ പന്തില്‍, ഷമി വില്യംസണിനെ ഡ്രോപ്പ് ചെയ്തപ്പോള്‍, മാക്‌സ് വല്ലിന് ജീവന്‍ ലഭിച്ച ആ രാത്രിയുടെ ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍, ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മേലെ കരിനിഴല്‍ വീഴ്ത്തിയിരുന്നു. എന്നാല്‍, വില്യംസണിനേയും, പിന്നെ ലത്താമിനേയും ഒറ്റൊവറില്‍ വീഴ്ത്തി, മുഹമ്മദ് ഷമി ഹൃദയം കൊണ്ട് പ്രായശ്ചിത്തം ചെയ്തപ്പോള്‍, ഇന്ത്യ തിരിച്ചു വരികയായിരുന്നു.

കളി വീണ്ടും തട്ടിയെടുക്കാന്‍, മിച്ചലിനൊപ്പം ചേര്‍ന്നുകൊണ്ട് ഗ്ലെന്‍ ഫിലിപ്‌സ് ശ്രമം നടത്തിയപ്പോള്‍, തന്റെ അവസാന രണ്ടോവറുകളില്‍ കീവികളെ ശ്വാസം മുട്ടിച്ചു കൊണ്ട് കുല്‍ദീപ് കളി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി. പിന്നിടങ്ങോട്ട്, അനിവാര്യമായ അന്ത്യവിധി മുഹമ്മദ് ഷമി നടപ്പാക്കുകയായിരുന്നു. ഫെര്‍ഗൂസനെ, രാഹുലിന്റെ കൈകളില്‍ എത്തിച്ച് തന്റെ ഏഴാം വിക്കറ്റും നേടി, കീവികളുടെ ഇന്നിങ്‌സിന് ഷമി തിരശ്ശീലയിട്ട ആ നിമിഷത്തില്‍, വാംഖഡയുടെ ആരവങ്ങളില്‍ നിന്ന് വിദൂരെ, ഓടിയെത്താന്‍ ഒരിഞ്ചു ദൂരം മാത്രം ബാക്കിനില്‍ക്കെ അന്ന് മാഞ്ചസ്റ്ററില്‍ വീണുപോയൊരാ മനുഷ്യന്റെ കണ്ണുകള്‍, അക്ഷോഭ്യത വെടിഞ്ഞ് ഒരിക്കല്‍ കൂടി ഈറനണിഞ്ഞിരിക്കും തീര്‍ച്ച.

സ്വപ്നാടനങ്ങള്‍ക്കൊടുവിലെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് ഇനിയും മൂന്ന് ദിനരാത്രങ്ങളുടെ അകലം മാത്രം. മസ്തിഷ്‌കത്തിന്റെ റാന്റം ആക്‌സസ്സ് മെമ്മറിയില്‍, ഒരിക്കലും മാഞ്ഞുപോകാത്ത വിധം, ഒരു ജനത എന്‍ക്രിപ്പ്റ്റ് ചെയ്ത് സൂക്ഷിച്ചു വെച്ചിരിക്കുന്നൊരു ചിത്രമുണ്ട്. ശാപമോക്ഷം ലഭിച്ച വാംഖഢയിലെ ആ രാത്രിയില്‍, ഇരുപത്തിരണ്ട് വാരയില്‍ നേടാന്‍ ബാക്കിയുണ്ടായിരുന്നതും നേടി പൂര്‍ണ്ണനായി മാറിയൊരു ദൈവത്തെ, രാജാവ് ചുമലിലേറ്റി നില്‍ക്കുന്നൊരു ചിത്രം.

ആ ചിത്രത്തിനോട് ചേരും പടി ചേര്‍ത്തു വെയ്ക്കാന്‍ അവര്‍ക്കൊരു ചിത്രം കൂടി വേണം. മോട്ടേറയുടെ ആകാശങ്ങള്‍ ത്രിവര്‍ണ്ണമാകുന്നൊരു രാവില്‍, വിശ്വകിരീടം ചൂടിയ രാജാവിനെ, ചുമലിലേറ്റി നില്‍ക്കുന്നൊരു രാജകുമാരന്റെ ചിത്രം. കാത്തിരിക്കുകയാണ് കണ്ണിമ വെട്ടാതെ, രക്തത്തില്‍ ലവണങ്ങളെക്കാള്‍ അധികമായി ക്രിക്കറ്റ് അലിഞ്ഞു ചേര്‍ന്നു പോയൊരു ജനതയും, അവരുടെ സ്വപ്നങ്ങളും, പിന്നെ നിയതി അവര്‍ക്കായി ഒരുക്കിയൊരാ സബര്‍മതി തീരവും

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍