ഏകദിന ലോകകപ്പ്: 'പാകിസ്ഥാനെ തോല്‍പ്പിച്ചതിന് റാഷിദ് ഖാന് 10 കോടി പാരിതോഷികം'; പ്രചാരണങ്ങളോട് പ്രതികരിച്ച് രത്തന്‍ ടാറ്റ

ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചതിന് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന പ്രചാരണത്തോട് പ്രതികരിച്ച് വ്യവസായി രത്തന്‍ ടാറ്റ. ഈ വിഷയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ലോകകപ്പിലെ പ്രകടനത്തിന് ഏതെങ്കിലും താരത്തിന് പാരിതോഷികം നല്‍കാമെന്ന് ഐസിസിക്ക് മുമ്പാകെ നിര്‍ദേശം വെച്ചിട്ടില്ലെന്നും രത്തന്‍ ടാറ്റ എക്‌സില്‍ കുറിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോ ഏതെങ്കിലും ക്രിക്കറ്റ് താരത്തിനോ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല. എനിക്ക് ക്രിക്കറ്റുമായി ഒരു ബന്ധവുമില്ല. വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന സന്ദേശങ്ങളോ ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോകളോ വിശ്വസിക്കരുത്. എന്റെ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും വിശ്വസിക്കരുത്- രത്തന്‍ ടാറ്റ എക്സ് പോസ്റ്റില്‍ പറഞ്ഞു.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് രത്തന്‍ ടാറ്റ അഫ്ഗാന്‍ താരം റാഷിദ് ഖാന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന സന്ദേശങ്ങള്‍ പ്രചരിച്ചത്. മത്സരത്തില്‍ ജയിച്ചതിനുശേഷം റാഷിദ് ഖാന്‍ ഇന്ത്യന്‍ പതാക വീശിയതിന് ഐസിസി 55 ലക്ഷം രൂപ പിഴശിക്ഷ വിധിച്ചുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഈ മാസം 23ന് നടന്ന ആവേശപ്പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് പാകിസ്ഥാനെതിരെ നേടിയത്. ആദ്യമായാണ് അഫ്ഗാന്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്.