ഏകദിന ലോകകപ്പ്: രോഹിത്ത് മക്കല്ലത്തെ പോലെ, കിരീടം നേടും; തുറന്നുസമ്മതിച്ച് ടെയ്‌ലര്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കിരീട സാധ്യത ഇന്ത്യയ്ക്കാണെന്ന് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ റോസ് ടെയ്ലര്‍. ലോകകപ്പ് മത്സരങ്ങളില്‍ സാഹചര്യവും കാണികളുമൊക്കെ ഇന്ത്യയ്ക്ക് ആനുകൂലമാണെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ആക്രമണോത്സുകത ഇന്ത്യയെ ശക്തിപ്പെടുത്തുന്നുണ്ടെന്നും ടെയ്‌ലര്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയും ന്യൂസിലന്‍ഡും നാല് കളികള്‍ വീതം ജയിച്ച ടീമുകളാണ്. ടൂര്‍ണമെന്റ് പുരോഗമിക്കുന്നതിന് അനുസരിച്ച് നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായേക്കും. ഇന്ത്യയിലെ മത്സരങ്ങളില്‍ സാഹചര്യവും കാണികളും ഒക്കെ ഞങ്ങള്‍ക്ക് എതിരായിരിക്കും. ഈ മത്സരത്തിലും സാധ്യത ഇന്ത്യക്ക് തന്നെയാണ്. പക്ഷേ ന്യൂസിലന്‍ഡ് ശരിയായ ദിശയിലാണ് ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ആക്രമണോത്സുകത ശൈലി ബ്രണ്ടന്‍ മക്കല്ലത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. രോഹിത് മികച്ച ബാറ്ററാണ്, 2019 സെമിയില്‍ തിളങ്ങിയില്ലെങ്കിലും അതിന് മുമ്പ് ഗംഭീര പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

Read more

ഇന്ത്യയുടെ ടോപ് ത്രീ ബാറ്റര്‍മാര്‍ എന്നും മികച്ചവരായിരുന്നു. ഇപ്പോള്‍ നാല്, അഞ്ച് നമ്പറുകളില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും വന്നതോടെ മറ്റുള്ളവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അവസരമൊരുങ്ങി. രോഹിത് ശര്‍മ്മയുടെ കളിയില്‍ ഈ ഇംപാക്ട് പ്രകടമാണ്- റോസ് ടെയ്ലര്‍ പറഞ്ഞു.