ഏകദിന ലോകകപ്പ്: 'ഇന്ത്യ ആ ടീമിനോട് തോല്‍ക്കും'; പ്രവചനവുമായി പോണ്ടിംഗ്

ഏകദിന ലോകകപ്പില്‍ ഏവരും ആഗ്രഹിച്ച തുടക്കം തന്നെയാണ് ഇന്ത്യന്‍ ടീമിന് ലഭിച്ചിരിക്കുന്നത്. കളിച്ച മത്സരങ്ങളില്‍ മൂന്നിലും അവര്‍ക്ക് ജയിക്കാനായി. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയുടെ ഈ വിജയ തേരോട്ടം അധികം നീളില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗ്. ആരെയൊക്കെ ജയിച്ചാലും ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെടുമെന്ന് പോണ്ടിംഗ് പറഞ്ഞു.

ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ അവരുടെ പ്രകടനം കാണുമ്പോള്‍ ഇത്തവണ തോല്‍പ്പിക്കേണ്ട ടീം ഇന്ത്യയാണെന്ന് പറയാം. സംതുലിതമായതും പ്രതിഭാശാലികളുമായ താരങ്ങളുടെ നിരയാണ് ഇന്ത്യയുടേത്.

ടോപ് ഓഡര്‍, മിഡില്‍ ഓഡര്‍, പേസ് ബോളിംഗ്, സ്പിന്‍ ബോളിംഗ് എന്നിവയെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. അതുകൊണ്ടുതന്നെ അവരെ തോല്‍പ്പിക്കാന്‍ പ്രയാസവുമാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ പോലും ഇന്ത്യ നന്നായി കളിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോല്‍ക്കാനാണ് സാധ്യത- പോണ്ടിംഗ് പറഞ്ഞു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കൊരു വെല്ലുവിളിയല്ല എന്നാണ് മനസിലാക്കേണ്ടത്. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഇംഗ്ലണ്ട് കളിച്ച് മൂന്ന് കളിയിലും രണ്ടിലും തോറ്റ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.