ഏകദിന ലോകകപ്പ്: തനിഗുണം കാണിച്ച് ബംഗ്ലാദേശ്, കണ്ണടച്ച് അമ്പയര്‍, കെറ്റില്‍ബ്രോയ്ക്ക് തല്ലും തലോടലും

ഏകദിന ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ 48-ാം ഏകദിന സെഞ്ച്വറി നേട്ടമാണ് ഇന്ത്യന്‍ ജയം അനയാസമാക്കിയത്. എന്നിരുന്നാലും, ഈ നാഴികക്കല്ല് കടക്കുക എന്നത് കോഹ്ലിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 38 ഓവറുകള്‍ പിന്നിടുമ്പോള്‍ 73* (77) എന്ന നിലയില്‍ കോഹ്ലി ബാറ്റ് ചെയ്യുകയായിരുന്നു, ഇന്ത്യയ്ക്ക് ജയിക്കാന്‍ 28 റണ്‍സ് മാത്രം മതിയായിരുന്നു.

തുടര്‍ന്ന് കെഎല്‍ രാഹുലില്‍നിന്ന് ലഭിച്ച മികച്ച പിന്തുണയാണ് കോഹ്ലിയെ സെഞ്ച്വറി നേട്ടത്തിന് സഹായിച്ചത്. ഇതിനൊപ്പം അമ്പയറില്‍നിന്ന് ലഭിച്ച ‘സപ്പോര്‍ട്ടും’ ചര്‍ച്ചയാകുന്നുണ്ട്. കോഹ്‌ലിയെ സെഞ്ച്വറിയിലേക്കെത്തിക്കാന്‍ അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബ്രോ വൈഡ് വിളിക്കാതിരുന്നതാണ് ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്.

കോഹ്‌ലിക്ക് സെഞ്ച്വറിയിലേക്കെത്താന്‍ 3 റണ്‍സ് വേണ്ടപ്പോള്‍ ബംഗ്ലാദേശ് ബോളര്‍ നസും അഹമ്മദ് വൈഡ് എറിഞ്ഞു. കോഹ്‌ലിയുടെ ലെഗ് സൈഡിലൂടെ കടന്നുപോയ പന്ത് വൈഡാണെന്നുറപ്പ്. അതുകൊണ്ടുതന്നെ കോഹ്‌ലിയും നിരാശയോടെയാണ് അമ്പയറെ നോക്കിയത്. എന്നാല്‍ അമ്പയറായ റിച്ചാര്‍ഡ് ഇത് വൈഡ് വിളിച്ചില്ല. പകരം ചിരിക്കുക മാത്രമാണ് ചെയ്തത്.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കെറ്റില്‍ബ്രോയുടെ ചെയ്തിക്ക് ഇന്ത്യന്‍ ആരാധകര്‍ കൈയടിക്കുമ്പോള്‍ ബംഗ്ലാദേശ് ആരാധകര്‍ കലിപ്പിലാണ്. ആ പന്ത് വൈഡാണെന്നും ബോളര്‍ മനപ്പൂര്‍വം വൈഡ് എറിഞ്ഞതായി തോന്നുന്നില്ല, അതുകൊണ്ടുതന്നെ അമ്പയര്‍ വൈഡ് നല്‍കി നിയമം പാലിക്കണമായിരുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്.