ഏകദിന ലോകകപ്പ്: 'ബാബര്‍ അസം ഓവര്‍റേറ്റഡ്'; പാക് നായകനെ കടന്നാക്രമിച്ച് ഇന്ത്യന്‍ മുന്‍ താരം

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നാണക്കേട് അവസാനിക്കുന്നില്ല. തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയപ്പെട്ട് അവര്‍ സെമി കടക്കാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇപ്പോഴിതാ പാകിസ്ഥാന്റെ തോല്‍വിയില്‍ നായകന്‍ ബാബര്‍ അസമിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ബാബര്‍ ഫലപ്രദമായ ഇന്നിംഗ്സുകളൊന്നും കളിച്ചിട്ടില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ‘ബാബര്‍ അസം ഫലപ്രദമായ ഇന്നിംഗ്സൊന്നും കളിച്ചിട്ടില്ല. റെക്കോര്‍ഡുകളും റാങ്കിംഗും അമിതമായി വിലയിരുത്തപ്പെടുന്നു. മത്സരങ്ങള്‍ ജയിക്കുന്നയാളാണ് യഥാര്‍ത്ഥ ഒന്നാം നമ്പര്‍’- സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവേ ഗംഭീര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാബര്‍ 65 ബോളില്‍ 50 റണ്‍സാണ് നേടിയത്. ടൂര്‍ണമെന്റിലെ താരത്തിന്റെ മൂന്നാമത്തെ അര്‍ദ്ധ സെഞ്ച്വറിയാണിത്. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 92 ബോളില്‍ 74, മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ58 ബോളില്‍ 50 റണ്‍സും ബാബര്‍ നേടിയിരുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍, ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 34.50 ശരാശരിയിലും 79-ന് താഴെയുള്ള സ്ട്രൈക്ക് റേറ്റിലും 207 റണ്‍സാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ നേടിയത്. നിലവിലെ ഒന്നാം റാങ്കുകാരനാണ് 29-കാരന്‍. പക്ഷേ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ കൊണ്ട് തന്റെ ഒന്നാം നമ്പര്‍ സ്ഥാനത്തെ ന്യായീകരിക്കാന്‍ ബാബറിന് കഴിഞ്ഞിട്ടില്ല.