രഹാനെയ്ക്ക് മൂന്ന് പകരക്കാരെ കണ്ടെത്തി ഓസിസ് ഇതിഹാസം

ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായിരുന്നു വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ മോശം ഫോം. ഏറെക്കാലമായി അസ്ഥിരതയില്‍പ്പെട്ട് ഉഴറുന്ന രഹാനെയ്ക്ക് ഒരു സെഞ്ച്വറി പോലും സ്‌കോര്‍ ചെയ്യാനായില്ല. ഇപ്പോഴിതാ രഹാനെയ്ക്ക് മൂന്ന് പകരക്കാരെ കണ്ടെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍.

അജിന്‍ക്യ രഹാനെ ഇറങ്ങുന്ന അഞ്ചാം നമ്പറില്‍ ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരില്‍ ഒരാളെ പരീക്ഷിക്കാവുന്നതാണ്. മധ്യനിര പൊളിച്ചുപണിയുകയാണ് ഇന്ത്യന്‍ ടീം ചെയ്യേണ്ട കാര്യങ്ങളിലൊന്ന്. പന്തും ഹാര്‍ദിക്കും ജഡേജയും അശ്വിനും ഉള്‍പ്പെട്ട മധ്യനിര ടീമിന് വേണ്ട റണ്‍സ് സംഭാവന ചെയ്യും- ചാപ്പല്‍ പറഞ്ഞു.

അഞ്ചാം നമ്പര്‍ ഏറ്റവും യോജിക്കുക പന്തിനാണ്. സാഹചര്യത്തിന് അനുസരിച്ച് സംയമനം പാലിക്കാന്‍ പന്തിന് കഴിയും. അതിനാല്‍ രഹാനെയുടെ സ്ഥാനത്ത് പന്തിനെ കൊണ്ടുവരാം. പ്രത്യേകിച്ച് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍. പന്ത് ഏറെനേരം വിക്കറ്റിന് പിന്നില്‍ ചെലവിട്ടാല്‍ ജഡേജയെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാം. പ്രോത്സാഹനം നല്‍കിയാല്‍ ഹാര്‍ദിക്കും അഞ്ചാം നമ്പറില്‍ തിളങ്ങാന്‍ കഴിവുള്ളയാളാണ്. വേഗം സ്‌കോര്‍ ചെയ്ത് ബൗളര്‍മാര്‍ക്ക് 20 വിക്കറ്റ് വീഴ്ത്താനുള്ള സമയം നല്‍കുകയാണ് ബാറ്റ്‌സ്മാന്‍മാരുടെ ദൗത്യമെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.