ചരിത്രവിജയത്തിന് മറുപടി; ലാഥമിന് ഇരട്ട സെഞ്ച്വറി, ബംഗ്ലാദേശിന് മുന്നില്‍ ഇന്നിംഗ്‌സ് തോല്‍വി

തങ്ങളുടെ മണ്ണില്‍ ചരിത്ര ജയം നേടിയ ബംഗ്ലാദേശിന് തകര്‍പ്പന്‍ മറുപടിയുമായി ന്യൂസിലാന്‍ഡ്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം തന്നെ ബംഗ്ലാദേശിന്റെ പരാജയം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് കിവീസ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സ് ആറിന് 521 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത കിവീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 106 റണ്‍സിന് ബംഗ്ലാദേശിന്റെ ആറ് വിക്കറ്റുകളും വീഴ്ത്തിക്കഴിഞ്ഞു.

നായകന്‍ ടോം ലാഥത്തിന്റെ സെഞ്ച്വറി മികവിലാണ് കിവീസ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. 373 ബോളില്‍ 34 ഫോറും രണ്ട് സിക്‌സും സഹിതം താരം 252 റണ്‍സെടുത്തു. ഡെവന്‍ കോണ്‍വെ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു.

Image

166 ബോളുകള്‍ നേരിട്ട താരം 12 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയില്‍ 109* റണ്‍സ് നേടി. ടോം ബ്ലണ്ടല്‍ 57* റണ്‍സെടുത്ത് പുറത്താകാതെ നിന്നു. തന്‍റെ അവസാന ടെസ്റ്റ് കളിക്കുന്ന റോസ് ടെയ്‌ലറിന് 28 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

Image

മറുപടി ബാറ്റിംഗില്‍ നൂറുല്‍ ഹസനും യാസിര്‍ അലിയും മാത്രമാണ് ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. ഹസന്‍ 41 റണ്‍സെടുത്ത് പുറത്തായപ്പോള്‍ യാസിര്‍ 39* റണ്‍സെടുത്ത് ക്രീസിലുണ്ട്.