'ഇപ്പോള്‍ ട്രോളുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം അദ്ദേഹം മുംബൈയുടെ മാത്രം ക്യാപ്റ്റനല്ല, മുഴുവന്‍ ഇന്ത്യക്കാരുടെയും നായകനാണ്'

ഐപിഎല്‍ 16ാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് ആര്‍സിബിയോട് മുംബൈ നാണംകെട്ടത്. തൊട്ടതെല്ലാം രോഹിത്തിനും സംഘത്തിനും പിഴക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ബാറ്റിംഗില്‍ പ്രമുഖരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ബോളിംഗ് നിരയും പരാജയമായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടിയില്‍ ആര്‍സിബി 16.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.

ആദ്യ മത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ടതോടെ ഏറെ വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങുകയാണ് നായകന്‍ രോഹിത് ശര്‍മ്മ. താരം ബാറ്റിംഗിലും നിരാശപ്പെടുത്തിയതും വിമര്‍ശനത്തിന്റെ ആക്കം കൂട്ടി. ബാംഗ്ലൂരിനെതിരേ 10 പന്തില്‍ ഒരു റണ്‍സ് മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നായകന്റെ സമ്പാദ്യം. മുഹമ്മദ് സിറാജിന്റെ ഓവറില്‍ ഒരു ലൈഫ് ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിക്കാതെ പോയ രോഹിത് ആകാശ് ദീപിന്റെ പന്തിലാണ് പുറത്തായത്.

രോഹിത്തിനെതിരെ വിമര്‍ശനവും പരിഹാസവും ശക്തമാകുമ്പോള്‍ ആരാധകരും ഏറെ അസ്വസ്തരാണ്. രോഹിത് മുംബൈയുടെ മാത്രം ക്യാപ്റ്റനല്ല, മുഴുവന്‍ ഇന്ത്യക്കാരുടെയും നായകനാണെന്ന് പരിഹസിക്കുന്നവര്‍ ഓര്‍ക്കണം എന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ് ആരാധകര്‍. മത്സര ശേഷം രോഹിത്തിനെ ആലിംഗനം ചെയ്ത കോഹ്‌ലിയില്‍ പോലും താരത്തോട് ഒരു അനുകമ്പ പ്രകടമായിരുന്നു.

അതേസമയം, ടി20യില്‍ വമ്പന്‍ റെക്കോഡുള്ള താരമാണെങ്കിലും രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളൊന്നും മികച്ചതല്ലെന്നതാണ് വസ്തുത. അവസാന 15 ഐപിഎല്‍ ഇന്നിങ്സില്‍ നിന്ന് ഒരു ഫിഫ്റ്റി പോലും രോഹിത്തിന് നേടാനായിട്ടില്ല. അതിവേഗം റണ്‍സുയര്‍ത്താനുള്ള പഴയ മിടുക്ക് ഇപ്പോള്‍ രോഹിത്തിനില്ലെന്നതാണ് വസ്തുത. കണക്കുകളും വ്യക്തമാക്കുന്നത് ഇതാണ്. ക്യാപ്റ്റനെന്ന നിലയിലെ രോഹിത്തിന്റെ പ്രകടനം ഓരോ മത്സരത്തിന് ശേഷവും പിന്നോട്ട് പോവുകയാണ്.