സൂര്യകുമാര്‍ യാദവ് അല്ല!, ഏറ്റവും മികച്ച ടി20 ബാറ്ററാരെന്ന് പറഞ്ഞ് കെവിന്‍ പീറ്റേഴ്‌സണ്‍

ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിനായി മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന് മികച്ച ടി20 ബാറ്റര്‍ എന്ന പദവി നല്‍കി ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഫെബ്രുവരി 8 വ്യാഴാഴ്ച ജോബര്‍ഗ് സൂപ്പര്‍ കിംഗ്സിനെതിരായ രണ്ടാം ക്വാളിഫയറില്‍ ക്ലാസന്‍ 74 റണ്‍സ് നേടിയിരുന്നു.

30 പന്തുകള്‍ നേരിട്ട ക്ലാസന്‍ 7 സിക്സറുകളും 3 ഫോറുകളും സഹിതം 246.67 സ്ട്രൈക്ക് റേറ്റിലാണ് 74 റണ്‍സ് അടിച്ചെടുത്തത്. അഞ്ചാം വിക്കറ്റില്‍ വിയാന്‍ മള്‍ഡറുമായി ചേര്‍ന്ന് 101 റണ്‍സും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ലോകത്ത് ടി20 ക്രിക്കറ്റില്‍ ഇതിലും മികച്ച ഒരു ബാറ്റര്‍ ഇല്ല!, ക്ലാസ്സെന്‍ ആണ് ബോസ്,’ പീറ്റേഴ്‌സണ്‍ എക്‌സില്‍ കുറിച്ചു. 12 ഇന്നിംഗ്സുകളില്‍ നിന്ന് 208.87 എന്ന നിരക്കില്‍ 447 റണ്‍സ് നേടിയ അദ്ദേഹം ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ്.

ശനിയാഴ്ച (ഫെബ്രുവരി 10) കേപ് ടൗണില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ടൂര്‍ണമെന്റ് ഫൈനലില്‍ ഡര്‍ബന്റെ സൂപ്പര്‍ ജയന്റ്സ് സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിനെ നേരിടും. അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് ഹെന്റിച്ച് ക്ലാസന്‍ കളിക്കുന്നത്.